ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവ
ബലഹീനനായ എന്നെ ഈ വലിയ ദൗത്യത്തിലേക്ക് വിളിക്കുമ്പോൾ ദൈവത്തിൽ ഞാൻ എല്ലാം അർപ്പിക്കുകയാണ്. പച്ചയായ പുൽപ്പുറങ്ങളിലേക്ക് അജഗണങ്ങളെ നയിക്കാൻ മൺകൂടാരമായ എന്നെ യോഗ്യനാക്കണേ. പരുമല പള്ളിയിൽ വിശ്വാസിസഹസ്രങ്ങളെ സാക്ഷിയാക്കി മലങ്കര ഓർത്തഡോക്സ് സഭയുടെ 91-ാമത്തെ കാതോലിക്കയായി സ്ഥാനമേറ്റ ശേഷം പരിശുദ്ധ ബസേലിയോസ് മാർത്തോമാ പൗലോസ് ദ്വിതീയൻ കാതോലിക്ക പറഞ്ഞ വാക്കുകളാണിത്. ദൈവത്തിലുള്ള ശരണവും വിശ്വാസവും വിളിച്ചോതുന്ന അതേ വാക്കുകളാണ് കാതോലിക്ക ബാവയുടെ ജീവിതത്തിലുടനീളം നിഴലിക്കുന്നത്.
ഓക്സിയോസ് എന്ന ഗ്രീക്ക് പദത്തിന് യോഗ്യൻ എന്നാണ് അർഥം. ഓർത്തഡോക്സ് സഭകളിൽ മേൽപ്പട്ട സ്ഥാനാരോഹണച്ചടങ്ങുകളിൽ സ്ഥാനത്തേക്ക് ഉയർത്തുന്നവരെ സഹകാർമികർ സിംഹാസനത്തിലിരുത്തി മൂന്നുതവണ ഉയർത്തി താഴ്ത്തി ഓക്സിയോസ് എന്നു ചൊല്ലിയതിന് ശേഷമാണ് അധികാരം കൈമാറുന്നത്. എല്ലാ അർഥത്തിലും സഭയെ നയിക്കാൻ യോഗ്യനായിരുന്നു പൗലോസ് ദ്വിതീയൻ ബാവ.
കുന്നംകുളത്തെ മാങ്ങാട് ഗ്രാമം സ്നേഹത്തോടെ പാവുട്ടി എന്നു വിളിച്ചിരുന്ന ബാലൻ. ബഥനി ആശ്രമത്തിന്റെ ചാപ്പലിലേക്ക് കൈയിൽ രണ്ടു മെഴുകുതിരിയുമായി നിത്യവും പ്രാർഥനയ്ക്ക് പോയിരുന്ന പാവുട്ടിയുടെ മുഖം ഇന്നും പഴയ തലമുറയിൽപ്പെട്ട പലരുടെയും മനസ്സിലുണ്ട്. പന്ത്രണ്ടാമത്തെ വയസ്സിൽ വിശുദ്ധ മദ്ബഹായിൽ ശുശ്രൂഷകനായ ആ ബാലൻ പിന്നീട് വിശ്വാസ തീക്ഷ്ണതയുള്ള വൈദികനായി. കാലക്രമേണ 1985 മേയ് 15-ന് കെ.ഐ. പോൾ എന്ന ആ വൈദികൻ പൗലോസ് മാർ മിലിത്തിയോസായി. കുന്നംകുളത്തെ പള്ളികളെ നയിക്കാനുള്ള നിയോഗം അദ്ദേഹത്തിനായി. 2010-ൽ കുന്നംകുളത്തിനപ്പുറം രാജ്യത്തിനകത്തും പുറത്തുമായി 21 ഭദ്രാസനങ്ങളായി വ്യാപിച്ചുകിടക്കുന്ന മലങ്കര ഓർത്തഡോക്സ് സഭയെ നയിക്കാനുള്ള നിയോഗവും മാർ മിലിത്തിയോസിനെ തേടി വന്നു. അങ്ങനെ അദ്ദേഹം പൗലോസ് ദ്വിതീയൻ കാതോലിക്ക ബാവയായി. മലങ്കര സഭയുടെ വലിയ ഇടയനായി.
ധിഷണാശാലിയായ ഭരണാധികാരി
ജീവിതത്തിൽ ലാളിത്യം പുലർത്തുന്ന പൗലോസ് ദ്വിതീയൻ ബാവ സഭയെ നേർവഴിക്ക് നയിക്കുന്നതിൽ ഒരിക്കലും വിട്ടുവീഴ്ചയ്ക്ക് തയ്യാറല്ലായിരുന്നു. കൃത്രിമത്വമില്ലാത്ത സംഭാഷണശൈലിയും സത്യസന്ധമായ പ്രതിപാദന രീതിയും അദ്ദേഹത്തിന്റെ ജീവിതത്തിലെ സുതാര്യതയാണ് വ്യക്തമാക്കുന്നത്. ജീവിതത്തിൽ ആത്മാർഥതയും സത്യസന്ധതയും പുലർത്തണമെന്ന പാഠം അദ്ദേഹം ബാല്യത്തിലേ ശീലിച്ചിരുന്നു. സഭയുടെയും പൊതുസമൂഹത്തിന്റെയും നന്മയ്ക്ക് സുതാര്യത എപ്പോഴും വേണമെന്ന ചിന്താഗതിക്കാരനാണ് കാതോലിക്കാ ബാവ. ഈ നിലപാട് അദ്ദേഹത്തിന്റെ ഭരണത്തിലുടനീളം പ്രകടമാണ്.
പള്ളികളുടെ ഉടമസ്ഥതാവകാശത്തെച്ചൊല്ലി യാക്കോബായ വിഭാഗവുമായി ദീർഘനാളായി നടന്നിരുന്ന കോടതി വ്യവഹാരങ്ങൾക്ക് സുപ്രീം കോടതി തീർപ്പു കല്പിക്കുന്നത് ബാവയുടെ കാലത്താണ്. ഓർത്തഡോക്സ് സഭയുടെ 1934-ലെ ഭരണഘടന പ്രകാരം പള്ളികൾ ഭരിക്കപ്പെടണം എന്ന കോടതി വിധിയിൽ വെള്ളം ചേർക്കാൻ അദ്ദേഹം ഒരുക്കമല്ലായിരുന്നു. സർക്കാർ നിയോഗിച്ച മന്ത്രിസഭാ ഉപസമിതിയോടു പോലും ഓർത്തഡോക്സ് മുഖംതിരിച്ചു നിന്നതിന് പിന്നിൽ ബാവയുടെ നിലപാടിലെ കാർക്കശ്യത്തിന്റ ഭാവമുണ്ടായിരുന്നു. ഞാൻ ശുഭാപ്തി വിശ്വാസിയാണ്. എല്ലാം നന്നായി വരണമെന്നാണ് എപ്പോഴും പ്രാർഥിക്കുന്നത്. സഭാതർക്കത്തിലും പുലർത്തുന്നത് അതേ നിലപാടാണ്. തർക്കം തീരണമെന്ന് തീവ്രമായ ആഗ്രഹമുണ്ട്. ക്രൈസ്തവ വിശ്വാസം പ്രത്യാശയിലധിഷ്ഠിതമാണ്. പിറവിയും ഉയിർപ്പുമെല്ലാം ആ പ്രത്യാശയാണ് പകരുന്നത്. പ്രത്യാശയില്ലെങ്കിൽ ക്രിസ്തീയ ജീവിതമില്ല. രാജ്യത്തെ നിയമത്തിനും കോടതി വിധികൾക്കും വിധേയമാകാൻ തയ്യാറായാൽത്തന്നെ പ്രശ്നപരിഹാരത്തിന് വഴിതെളിയും.
ബാവയുടെ വാക്കുകളിൽ അദ്ദേഹത്തിന്റെ നിലപാടിലെ കാർക്കശ്യം വ്യക്തമാണ്.
സഭയിലെ ആഭ്യന്തരപ്രശ്നങ്ങൾ പരിഹരിക്കുന്നതിലും ഇതേ നിലപാട് വ്യക്തമാണ്. സഭയിലെ ചില വൈദികരുമായി ബന്ധപ്പെട്ട് ലൈംഗികാരോപണം ഉയർന്നപ്പോൾ ആരോപണ വിധേയരെ തത്സ്ഥാനത്തുനിന്ന് മാറ്റിനിർത്തുന്നതിലും ഇരയ്ക്ക് നീതി ഉറപ്പാക്കുന്നതിലും അദ്ദേഹം ആർജവം കാട്ടി. മാത്രമല്ല, വൈദികർ ആത്മപരിശോധനയ്ക്ക് വിധേയരാകണമെന്നും തുറന്നടിച്ചു. സാമൂഹികമാധ്യമങ്ങളുടെ ഉപയോഗത്തിൽ വൈദികർക്ക് നിയന്ത്രണരേഖയും അദ്ദേഹം ഏർപ്പെടുത്തി.
രാഷ്ട്രീയത്തെ മതത്തിന് പുറത്തുനിർത്തിയ ഇടയൻ
തികഞ്ഞ ഇടതുപക്ഷ സഹയാത്രികനെങ്കിലും തന്റെ രാഷ്ടീയ നിലപാടുകൾ സഭാഭരണത്തിൽ അദ്ദേഹം കൂട്ടിക്കലർത്തിയിട്ടില്ല. മതവും രാഷ്ട്രീയവും വേറിട്ട് നിൽക്കേണ്ടവയാണെന്നാണ് എന്നും വാദിച്ചത്. മതങ്ങൾ രാഷ്ട്രീയത്തിൽ ഇടപെടുന്നതും രാഷ്ട്രീയപ്പാർട്ടികൾ മതങ്ങളെ ഉപയോഗിക്കുന്നതും അപകടകരമാണ്. മതരാഷ്ട്രീയം മതങ്ങളെത്തന്നെ ഇല്ലാതാക്കും.
രാഷ്ട്രീയത്തിന് അത്രത്തോളം നഷ്ടമുണ്ടാവില്ല -ബാവയുടെ വാക്കുകളിൽ മതങ്ങൾ അതിന്റ സ്വത്വം വിട്ട് സമ്മർദ ശക്തികളാകുന്നതിലെ ആശങ്ക വ്യക്തമായിരുന്നു.
രാഷ്ട്രീയ താത്പര്യങ്ങൾക്കായി സഭയെ ബലികൊടുക്കാൻ ഒരിക്കലും അദ്ദേഹം തയ്യാറല്ലായിരുന്നു. സഭയ്ക്ക് അനുകൂലമായ സുപ്രീംകോടതി വിധി നടപ്പിലാക്കുന്നതിൽ ഇടതു-വലതു സർക്കാരുകൾ അലംഭാവം കാട്ടുന്നുവെന്ന് മുഖംനോക്കാതെ ഏതു വേദിയിലും അദ്ദേഹം വിമർശിച്ചു. കക്ഷി രാഷ്ട്രീയ നിലപാടിനൊപ്പം സഭ നീങ്ങാൻ ബാവ അനുവദിച്ചിരുന്നില്ല. എന്നാൽ, ഓരോ വിഷയത്തിലുമുള്ള ശക്തമായ നിലപാടുകളും തുറന്നുകാട്ടി. ദരിദ്രരുടെയും ദുർബലരുടെയും താത്പര്യങ്ങൾ സംരക്ഷിക്കുന്നതാണ് തന്റെയും സഭയുടെയും നിലപാട്. യേശുക്രിസ്തു തുടങ്ങിവെച്ച ദൗത്യനിർവഹണമതാണ്.
സഭയ്ക്കും സമൂഹത്തിനും പ്രയോജനകരമായ കാര്യങ്ങൾ ഏത് സർക്കാർ ചെയ്താലും കക്ഷിരാഷ്ട്രീയം നോക്കാതെ അതിനെ അഭിനന്ദിക്കും. ഏതെങ്കിലുമൊരു രാഷ്ട്രീയപ്പാർട്ടിയുടെ കാവലാളാകാൻ ഒരിക്കലും സഭ തയ്യാറല്ലെന്നും ബാവ ഓർമപ്പെടുത്തുമായിരുന്നു.
പൈതൃകത്തെ സ്നേഹിച്ച ഇടയൻ
തോമാശ്ലീഹായുടെ ശ്ലൈഹിക പാരമ്പര്യത്തിന്റ പിന്തുടർച്ച അവകാശപ്പെടുന്ന ഓർത്തഡോക്സ് സഭയുടെ ആരാധനാക്രമം, കൂദാശകൾ എന്നിവയിൽ മാറ്റങ്ങൾ വരുത്താൻ ഒരിക്കലും ബാവ തയ്യാറായിരുന്നില്ല.
പൗരസ്ത്യ ആരാധനയുടെ സൗന്ദര്യത്തെ എന്നും മികവുറ്റതാക്കാനാണ് അദ്ദേഹം ശ്രമിച്ചത്.
വിവിധ കാലങ്ങളിൽ ഇതര സഭകളുമായി വിവാഹമുൾപ്പെടെയുള്ള ചടങ്ങുകൾ സംബന്ധിച്ച ധാരണയുണ്ടാക്കിയിട്ടുണ്ടെങ്കിലും സുറിയാനി പാരമ്പര്യത്തിൽനിന്നുള്ള ധാരണകളായിരുന്നു അവ.
ഭാരതീയ പൈതൃകം, ദർശനം, തത്ത്വചിന്ത എന്നിവയിൽ അതീവ താത്പര്യവും അദ്ദേഹം പ്രകടിപ്പിച്ചിരുന്നു. ഭാരതത്തിൽ ന്യൂനപക്ഷങ്ങൾക്ക് ലഭിക്കുന്ന പരിരക്ഷയെപ്പറ്റി അന്താരാഷ്ട്ര വേദികളിൽപോലും ബാവ സംസാരിച്ചിരുന്നു. ക്രൈസ്തവ സഭകളും വിശ്വാസികളും ഏറ്റവും സുരക്ഷിതമായി കഴിയുന്ന നാടാണ് ഇന്ത്യ. ഇന്ത്യയിലെ ക്രൈസ്തവ സഭകളുടെ രണ്ടായിരം വർഷത്തെ ചരിത്രത്തിൽ ഒരിക്കൽപ്പോലും മതപീഡനം നേരിടേണ്ടി വന്നിട്ടില്ല. ജനാധിപത്യ മതേതരത്വ ആശയങ്ങൾ വരുന്നതിന് മുമ്പുതന്നെ എത്ര സഹിഷ്ണുതയോടെയാണ് ക്രൈസ്തവവിശ്വാസം ഇവിടെ സ്വീകരിക്കപ്പെട്ടതും പുലർന്നതും. -നൂറ്റാണ്ടുകളായി ഭാരതം നൽകുന്ന കരുതൽ ബാവയുടെ വാക്കുകളിൽ വ്യക്തമാണ്.
Content Highlight: Baselios Marthoma Paulose II Catholica Bava