വെംബ്ലി
യൂറോകപ്പിൽ ഇറ്റലിക്ക് രണ്ടാം കിരീടം. ഷൂട്ടൗട്ടിലേക്ക് നീണ്ട ഫൈനലിൽ ഇംഗ്ലണ്ടിനെ 3–-2ന് മറികടന്നു. 1968ലാണ് ഇതിനുമുമ്പ് ജേതാക്കളായത്. നിശ്ചിതസമയത്ത് ഇരുടീമുകളും ഓരോ ഗോൾ നേടി സമനിലയിലായിരുന്നു. അധിക സമയത്ത് ആരും ഗോളടിച്ചില്ല.ഷൂട്ടൗട്ടിൽ ഇംഗ്ലണ്ടിന്റെ റഷ്ഫഡ്, സാഞ്ചോ, സാക എന്നിവരുടെ കിക്കുകൾ ഇറ്റാലിയൻ ഗോളി ദൊന്നരുമ്മ തടഞ്ഞു. ഹാരി കെയ്നും മഗ്വയറും ലക്ഷ്യം കണ്ടു.
ഇറ്റലിക്കായി ബെറാർഡി, ബൊനൂഷി, ബെർണാഡ്ഷി എന്നിവർ ഗോളാക്കിയപ്പോൾ ജോർജിന്യോയും ബെലോട്ടിയും പാഴാക്കി.90 മിനിറ്റിൽ ഇംഗ്ലണ്ടിനായി ലൂക്ക് ഷായും ഇറ്റലിക്കായി ബൊനൂഷിയും ഗോളടിച്ചു. ലൂക്ക് ഷായിലൂടെ യൂറോകപ്പ് ഫൈനലിലെ വേഗമേറിയ ഗോളടിച്ച് ഇംഗ്ലണ്ട് ആദ്യ പകുതി പിടിച്ചു. കളി തുടങ്ങി രണ്ട് മിനിറ്റാകാൻ സെക്കൻഡുകൾ അപ്പോഴും ബാക്കി. ഷാ പന്ത് ഹാരി കെയ്നിന് കൈമാറി ഇറ്റാലിയൻ ഗോൾമുഖത്തേക്ക് കുതിച്ചു. അപ്പോഴേക്കും പന്ത് ട്രിപ്പിയറുടെ കാലിലെത്തിയിരുന്നു. ഓടിയെത്തിയ ലൂക്ക് ഷാ പന്ത് വലയിലാക്കി.