തിരുവനന്തപുരം
പട്ടികജാതി വികസനവകുപ്പിലെ പദ്ധതികളുടെ നിർവഹണം സംബന്ധിച്ച് വിജിലൻസ് പരിശോധിക്കുമെന്ന് മന്ത്രി കെ രാധാകൃഷ്ണൻ അറിയിച്ചു. പട്ടികജാതി വിഭാഗക്കാർക്കായുള്ള ആനുകൂല്യങ്ങൾ തട്ടിയെടുക്കുന്നവർ എത്ര ഉന്നതരായാലും വച്ചുപൊറുപ്പിക്കില്ല. നിയമത്തിനുമുന്നിൽ കൊണ്ടുവന്ന് മാതൃകാപരമായി ശിക്ഷിക്കും. ബിജെപി അധ്യക്ഷൻ കെ സുരേന്ദ്രൻ പറഞ്ഞ വിഷയങ്ങൾ നാല് മാസംമുമ്പ് വകുപ്പുതന്നെ അന്വേഷിച്ച് നടപടി സ്വീകരിച്ച് വരുന്നവയാണെന്നും മന്ത്രി അറിയിച്ചു.
തിരുവനന്തപുരം നഗരസഭയിലെ പട്ടികജാതി വിദ്യാർഥികൾക്കുള്ള പഠനമുറി, വിവാഹ ധനസഹായ ആനുകൂല്യങ്ങൾ ഗുണഭോക്താക്കൾ കൈപ്പറ്റാത്തത് സംബന്ധിച്ച് നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് കണ്ടെത്തിയത്. എസ്സി പ്രമോട്ടർ തന്റെയും അമ്മയുടെയും ബാങ്ക് അക്കൗണ്ടിലൂടെ ആനുകൂല്യങ്ങൾ തട്ടിയെടുക്കുകയായിരുന്നു. ക്രമക്കേട് കണ്ടെത്തിയ ഉടൻ കുറ്റക്കാർക്കെതിരെ പൊലീസിൽ കേസ് രജിസ്റ്റർ ചെയ്യാനും പ്രമോട്ടറെ ജോലിയിൽനിന്ന് നീക്കാനുമാണ് വകുപ്പ് നിർദേശിച്ചത്. തിരുവനന്തപുരം മ്യൂസിയം പൊലീസ് കേസെടുത്തു. തുടർന്നുള്ള പരിശോധനയിൽ കൂടുതൽ ഉദ്യോഗസ്ഥരുടെയും പ്രമോട്ടർമാരുടെയും പങ്ക് വെളിവായി. രാഹുൽ, പൂർണിമ എന്നീ ഉദ്യോഗസ്ഥർക്കെതിരെയും കേസെടുത്തു. ഇവരെ സസ്പെൻഡ് ചെയ്തു. ഒളിവിൽ പോയ രാഹുലിനെ അറസ്റ്റ് ചെയ്തു. മേൽനോട്ടത്തിൽ അഭാവം ഉണ്ടായതിന് രണ്ട് പട്ടികജാതി വികസന ഓഫീസർമാരെയും സസ്പെൻഡ് ചെയ്തിട്ടുണ്ട്. കുറ്റം ചെയ്തവരെല്ലാം ജയിലിലാകുമെന്നും മന്ത്രി വാർത്താകുറിപ്പിൽ അറിയിച്ചു.