ന്യൂ മെക്സിക്കോ
ഇന്ത്യൻ വംശജ സിരിഷ ബാണ്ട്ല ഉൾപ്പെടെ അഞ്ചംഗ സംഘത്തോടൊപ്പം സ്വന്തം റോക്കറ്റ് വിമാനത്തിൽ ബഹിരാകാശത്തെത്തി വെർജിൻ ഗലാക്ടിക് സ്പേസ് ടൂറിസം മേധാവി റിച്ചാർഡ് ബ്രാൻസൻ. ന്യൂ മെക്സിക്കോ മരുഭൂമിയിൽനിന്ന് 88 കിലോമീറ്റർ ഉയരത്തിൽവരെയെത്തി നാല് മിനിറ്റോളം ബഹിരാകാശത്തിലെ ‘ഭാരമില്ലായ്മ’ ആസ്വദിച്ച്, ഭൂമിയുടെ വളവ് നേരിട്ട് കണ്ട്, സംഘം തിരികെയെത്തി.
17 വർഷത്തെ പരിശ്രമം വിജയത്തിലെത്തിയെന്ന് തിരികെയെത്തിയ ബ്രാൻസൻ പ്രതികരിച്ചു.സ്വന്തം പേടകത്തിൽ ബഹിരാകാശത്തെത്തുന്ന ആദ്യ വ്യക്തിയാണ് 71കാരനായ ബ്രാൻസൻ. ആമസോൺ മുൻ മേധാവി ജെഫ് ബിസോസിന്റെ ബഹിരാകാശ യാത്രയ്ക്ക് ഒമ്പതുദിവസം മുമ്പാണ് ഉദ്യമം പൂർത്തീകരിച്ചത്. ബ്രാൻസന്റെ ഭാര്യയും മക്കളും കൊച്ചുമക്കളും ഉൾപ്പെടെ അഞ്ഞൂറിലേറെപ്പേർ ചരിത്രയാത്രയ്ക്ക് സാക്ഷിയായി. പതിമൂന്ന് കിലോമീറ്റർ ഉയരത്തിലെത്തിയപ്പോൾ ബ്രാൻസന്റെ റോക്കറ്റ് വിമാനം മാതൃപേടകത്തിൽനിന്ന് വേർപെട്ടു.15 മിനിറ്റിനുള്ളിൽ യാത്ര പൂർത്തിയാക്കി തിരികെയെത്തി.