തിരുവനന്തപുരം: സംസ്ഥാനത്ത് വ്യവസായങ്ങളെ സംരക്ഷിക്കുന്നതിനായി പുതിയ ബിൽ. വ്യവസായങ്ങൾക്ക് തടസ്സംനിൽക്കുന്ന ഉദ്യോഗസ്ഥർക്കെതിരേ ശിക്ഷാ നടപടി ഉൾപ്പെടെ വ്യവസ്ഥ ചെയ്യുന്നതാണ് ഈ ബിൽ. അടുത്ത നിയമസഭാ സമ്മേളനത്തിൽത്തന്നെ ബിൽ അവതരിപ്പിക്കുമെന്ന് മന്ത്രി പി. രാജീവ് പറഞ്ഞു.
വ്യവസായികളുടെ പരാതി പരിഹരിക്കാൻ സംസ്ഥാന-ജില്ലാതല സമിതികൾ ഉണ്ടാകും. ഇവരെടുക്കുന്ന തീരുമാനം എല്ലാ വകുപ്പുകളും അംഗീകരിക്കേണ്ടിവരും. ഇതോടെ വ്യവസായരംഗത്തെ പരാതികൾക്ക് പരിഹാരമാകും. അടുത്ത നിയമസഭാ സമ്മേളനത്തിൽത്തന്നെ ബിൽ പാസ്സാക്കാൻ സാധിക്കും. വിവിധ വകുപ്പുകളെക്കുറിച്ചുള്ള പരാതികൾക്കും ഇതോടെ പരിഹാരമുണ്ടാകുമെന്നാണ് കരുതുന്നത്, മന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് വ്യവസായ സൗഹൃദ അന്തരീക്ഷം ഉറപ്പാക്കുക എന്നതാണ് പുതിയ നീക്കത്തിലൂടെ സർക്കാർ ഉദ്ദേശിക്കുന്നത്. പലവകുപ്പുകളിൽനിന്നുള്ള അനുമതി പല ഘട്ടങ്ങളായി ലഭിക്കുമ്പോൾ അതിന് കാലതാമസം നേരിടുന്നു എന്ന പരാതി വ്യവസായികൾക്കുണ്ട്. ഈ സാഹചര്യത്തിൽഒരു നിശ്ചിത മുതൽമുടക്കിന് മുകളിലേയ്ക്കുള്ള വ്യവസായങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനുവേണ്ടി ജില്ലാ-സംസ്ഥാന തല സമിതികൾ രൂപവത്കരിക്കാൻ ഉദ്ദേശിക്കുന്നത്.
സമിതികൾ എടുക്കുന്ന തീരുമാനങ്ങൾ എല്ലാ വകുപ്പുകളും അംഗീകരിക്കണം എന്നതാണ് വ്യവസ്ഥ. വ്യവസായത്തിന് തടസ്സംനിൽക്കുന്നഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കാൻ കഴിയുന്ന തരത്തിലുള്ള വ്യവസ്ഥകളാണ് നിയമത്തിൽ ഉൾപ്പെടുത്തുക.
Content Highlights:New Law to make the state industry friendly