കോഴെിക്കോട് > ചെറിയ പെരുന്നാളും വലിയ പെരുന്നാളും ഓണവും ഒന്നിച്ചുവന്ന ആഹ്ലാദത്തിമിർപ്പിലാണ് അർജന്റീനയുടെ ആരാധകർ. കോപ അമേരിക്ക ഫുട്ബോളിന്റെ ഫൈനലിൽ ബ്രസീലുമായി ഏറ്റുമുട്ടി ഇഷ്ട ടീം കപ്പിൽ മുത്തമിട്ടപ്പോൾ കോഴിക്കോടിന്റെ കാൽപ്പന്താവേശം വനോളമുയർന്നു. കാൽപ്പന്തിനെ ഹൃദയത്തോടു ചേർത്തവർക്ക് ഇതിലും വലിയ സന്തോഷമില്ല. കോവിഡാണേലും നിത്യവൈരികളെ വീഴ്ത്തിയ സന്തോഷം ആരാധകർ തെരുവിലിറങ്ങിവരെ പ്രകടിപ്പിച്ചു. കോവിഡ് ചട്ടങ്ങൾ പാലിച്ച് നൈനാംവളപ്പിലെയും വെള്ളയിലെയും അർജന്റീനിയൻ അനുയായികൾ മധുരം നൽകിയും ബൈക്ക് റാലി നടത്തിയും ആഹ്ലാദിച്ചു.
വൈകിട്ട് ബിരിയാണി വിതരണം ചെയ്താണ് വിജയാരവം കൊഴുപ്പിച്ചത്. വാദ്യമേളവും പ്രകടനവുമെല്ലാം ഇക്കുറി നവമാധ്യമങ്ങളിലേക്ക് മാറ്റി. ലയണൽ മെസിയുടെ ടീം വിജയകിരീടം ചൂടിയപ്പോൾ ആരാധകർ ആർപ്പുവിളികളുയർത്തി. ബ്രസീലിനായി മെഴുകുതിരി കത്തിക്കലും റീത്തുവയ്ക്കലുമുണ്ടായി. ഞായറാഴ്ച പ്രഭാതത്തിൽ ലഭിച്ച ആഘാതത്തിൽനിന്ന് ബ്രസീൽ ആരാധകർ മുക്തരായിട്ടില്ല. മൂന്നു പതിറ്റാണ്ടിനിടെ13 കപ്പുകളിൽ മുത്തമിട്ട ബ്രസീലിനെ ഞങ്ങൾക്ക് എങ്ങനെ കൈവിടാനാകുമെന്ന വേദന നിറഞ്ഞ ചോദ്യവുമായി ബ്രസീൽ ആരാധകരുടെ കണ്ണീരുപടരുകയാണ് നവമാധ്യമങ്ങളിൽ.
● ഈ നിമിഷത്തിൽ മറഡോണയില്ലല്ലോ
എം പി ഹർഷാദ്, അർജന്റീന ഫാൻസ് നൈനാംവളപ്പിൽ
28 വർഷത്തിനു ശേഷം അർജന്റീന കപ്പിൽ മുത്തമിട്ടപ്പോൾ അതു കാണാൻ കാൽപ്പന്ത് ഇതിഹാസം മറഡോണയില്ലല്ലോ എന്ന സങ്കടമാണ്. ചിരകാല ശത്രുവായ ബ്രസീലിനെ അവരുടെ മണ്ണിൽത്തന്നെ പരാജയപ്പെടുത്താനായത് വിജയ മധുരം ഇരട്ടിയാക്കുന്നു. കോപയിൽ നിന്നുള്ള ഊർജം ലേകകപ്പ് നേടാൻ അർജന്റീനക്ക് പ്രചോദനമാവും.
● മരിയയെ ആരും കണ്ടിരുന്നില്ല
എൻ വി മുഹമ്മദ് അജ്മൽ, ബ്രസീൽ ഫാൻസ് നൈനാംവളപ്പിൽ
നെയ്മറിനു വേണ്ട പിന്തുണ മറ്റംഗങ്ങളിൽ നിന്ന് കിട്ടാത്തതാണ് തോൽക്കാൻ കാരണം. നന്നായി കളിച്ചു. നല്ല ടീമാണെങ്കിലും അവസരം ഫലപ്രദമായി ഉപയോഗപ്പെടുത്താനായില്ല. എല്ലാവരും മെസിയിൽ മാത്രം ശ്രദ്ധിച്ചു. അറ്റാക്കിങ് മോശമായി. സീനിയർ താരം ഏയ്ഞ്ചൽ ഡി മരിയയെ ആരും ഗൗരവത്തിൽ കണ്ടിരുന്നില്ല.