ഇന്ന് രോഗം സ്ഥിരീകരിച്ച മൂന്ന് പേരിൽ രണ്ട് പേർ ആശുപത്രിയില്‍ ചികിത്സ തേടിയ രോഗികളും ഒരാള്‍ ആശുപത്രി ജിവനക്കാരിയുമാണ്. 46 വയസുള്ള പുരുഷനും 22 മാസം പ്രായമുള്ള കുഞ്ഞിനും 29 വയസുള്ള ആശുപത്രി ജീവനക്കാരിക്കുമാണ് സിക്ക സ്ഥിരീകരിച്ചത്.
ഇതോടെ സംസ്ഥാനത്ത് സിക്ക വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 18 ആയി ഉയർന്നു. രണ്ടാം ഘട്ടമായി അയച്ച 27 സാമ്പിളുകളില്‍ 26 എണ്ണം നെഗറ്റീവായി. മൂന്നാം ഘട്ടമായി എട്ട് സാമ്പിളുകളാണ് അയച്ചത്. അതിലാണ് മൂന്നെണ്ണം പോസിറ്റീവാണെന്ന് സ്ഥിരീകരിച്ചത്. അതേസമയം സിക്ക വൈറസ് പരിശോധന നടത്താന്‍ സംസ്ഥാനം സുസജ്ജമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചിട്ടുണ്ട്.
തിരുവനന്തപുരം, തൃശൂര്‍, കോഴിക്കോട് മെഡിക്കല്‍ കോളേജുകള്‍, ആലപ്പുഴ എന്‍.ഐ.വി. യൂണിറ്റ് എന്നിവിടങ്ങളിലാണ് ആദ്യഘട്ടമായി സിക്ക വൈറസ് പരിശോധന നടത്തുന്നത്. എന്‍.ഐ.വി. പുണെയില്‍ നിന്നും ഈ ലാബുകളിലേക്ക് സിക്ക വൈറസ് പരിശോധന നടത്താന്‍ കഴിയുന്ന 2100 പി.സി.ആര്‍. കിറ്റുകള്‍ ലഭിച്ചിട്ടുണ്ട്. തിരുവനന്തപുരം 1000, തൃശൂര്‍ 300, കോഴിക്കോട് 300, ആലപ്പുഴ എന്‍.ഐ.വി. 500 എന്നിങ്ങനെയാണ് ടെസ്റ്റ് കിറ്റുകള്‍ ലഭിച്ചത്.
തിരുവനന്തപുരം മെഡിക്കല്‍ കോളേജിന് ഡെങ്കിപ്പനി, ചിക്കന്‍ഗുനിയ, സിക്ക എന്നിവ പരിശോധിക്കാന്‍ കഴിയുന്ന 500 ട്രയോപ്ലക്സ് കിറ്റുകളും സിക്ക വൈറസ് മാത്രം പരിശോധിക്കാന്‍ കഴിയുന്ന 500 സിങ്കിള്‍ പ്ലക്സ് കിറ്റുകളുമാണ് ലഭിച്ചത്. മറ്റ് മൂന്ന് ലാബുകളില്‍ സിക്ക പരിശോധിക്കാന്‍ കഴിയുന്ന സിങ്കിള്‍ പ്ലക്സ് കിറ്റുകളാണ് ലഭിച്ചതെന്നും മന്ത്രി വ്യക്തമാക്കി.