തിരുവനന്തപുരം: പട്ടികജാതിക്കാർക്കുളള ക്ഷേമഫണ്ട് പട്ടികജാതിക്കാരല്ലാത്ത സിപിഎം നേതാക്കൾ തട്ടിയെടുക്കുന്നുവെന്ന ആരോപണവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. ഡി.വൈ.എഫ്.ഐ.യുടെ സംസ്ഥാനസമിതി അംഗം പ്രതിൽ കൃഷ്ണയ്ക്ക് തട്ടിപ്പിൽ പങ്കുണ്ടെന്ന് കെ.സുരേന്ദ്രൻ ആരോപിച്ചു. തിരുവനന്തപുരത്ത് വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നഗരസഭയിലെ എസ്.സി പ്രമോട്ടറായ ചെറുപ്പക്കാരനെ സ്വാധീനിച്ചാണ് തിരുവനന്തപുരം ജില്ലയിൽ ഡി.വൈ.എഫ്.ഐ. നേതാവ് അദ്ദേഹത്തിന്റെ അക്കൗണ്ടിലേക്കും അദ്ദേഹത്തിന്റെ അച്ഛന്റെയും അമ്മയുടെയും അക്കൗണ്ടിലേക്കും ലക്ഷക്കണക്കിന് രൂപ ഫണ്ട് വകമാറ്റിയത്. സമാനമായ രീതിയിൽ നിരവധി സിപിഎം നേതാക്കളുടെ അക്കൗണ്ടിലേക്കും പണം വരുന്നുണ്ട്. തിരുവനന്തപുരം നഗരസഭയിൽ പുറത്തുവന്നിരിക്കുന്നത് മഞ്ഞുമലയുടെ ഒരറ്റം മാത്രമാണെന്നും സുരേന്ദ്രൻ പറഞ്ഞു.
സംസ്ഥാനത്ത് ആയിരക്കണക്കിന് കോടി രൂപയാണ് പട്ടികജാതി പട്ടികവർഗ വിഭാഗക്കാർക്കായി കേന്ദ്ര സർക്കാർ നൽകുന്നത്. ആ പണം യഥാർഥ ഗുണഭോക്താക്കൾക്ക് ലഭിക്കുന്നില്ലെന്നും രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ചുകൊണ്ട് സിപിഎം നേതാക്കൾ തട്ടിയെടുക്കുകയാണ്. കേരളത്തിലെ പട്ടികജാതി വിഭാഗത്തിൽ പെട്ട വിദ്യാർഥികൾക്കും ചെറുപ്പക്കാർക്കും പഠനാവശ്യത്തിനും വിവാഹാവശ്യത്തിനും ചെലവഴിക്കേണ്ട തുക പട്ടികജാതിക്കാരല്ലാത്ത സിപിഎം നേതാക്കൾക്ക് ലഭിക്കുന്നു. ഇത് കേരളത്തിൽ മാത്രമാണ് നടക്കുന്നത്. തിരുവനന്തപുരം നഗരസഭയിലെ ഒരു തട്ടിപ്പ് മാത്രമാണ് പുറത്തുവന്നിരിക്കുന്നത്. ഈ തട്ടിപ്പ് സംസ്ഥാനമെങ്ങും നടന്നതായാണ് സൂചന.
തെളിവുസഹിതമാണ് ഡി.വൈഎഫ്.ഐ. അംഗത്തിനും അച്ഛനും അമ്മയ്ക്കുമെതിരായി പരാതി വന്നിട്ടുളളത്. എന്നാൽ അവരെ ചോദ്യം ചെയ്യാനോ കസ്റ്റഡിയിലെടുക്കാനോ പോലീസ് തയ്യാറായിട്ടില്ല. അന്വേഷണം യഥാർഥത്തിലുളള കുറ്റവാളികളിലേക്ക് പോകുന്നില്ല. അതിന് കാരണം ഒരു ഡി.വൈ.എഫ് ഐ സംസ്ഥാന കമ്മിറ്റിയംഗം മാത്രമല്ല ഇതിൽ പങ്കാളിയായിട്ടുളളത്. ഉന്നതാരായിട്ടുളള പലരും ഇതിന്റെ ഗുണഭോക്താക്കളായിട്ടുണ്ട്. എത്ര അക്കൗണ്ടുകളിലേക്ക് പട്ടികജാതി പട്ടിക വർഗ ക്ഷേമത്തിനുളള പണം പോയിട്ടുണ്ടെന്ന് അന്വേഷിക്കണം
സംസ്ഥാനത്തെ പട്ടിക ജാതി വകുപ്പിൽ നടക്കുന്ന കോടിക്കണക്കിന് രൂപയുടെ അഴിമതി സംബന്ധിച്ച് മുൻമന്ത്രി എ.കെ.ബാലന് വിശദമായ അറിവുണ്ടായിരുന്നു. അതിഭീമമായിട്ടുളള അഴിമതിയാണ് നടന്നിരിക്കുന്നത് സമഗ്രമായ അന്വേഷണം വേണം. മുഖ്യമന്ത്രി ഇക്കാര്യത്തിൽ ഇടപെടണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു.
എത്ര ഉന്നതനായാലും നടപടി ഉണ്ടാവുമെന്ന് മന്ത്രി കെ.രാധാകൃഷ്ണൻ
വടക്കാഞ്ചേരി: പട്ടിക വിഭാഗങ്ങൾക്കുള്ള ക്ഷേമ ഫണ്ട് തട്ടിപ്പ് ശ്രദ്ധയിൽപ്പെട്ട ഉടനെ ഈ കാര്യത്തിൽ നടപടി സ്വീകരിച്ചതായി പട്ടികജാതി-പട്ടിക വർഗ്ഗക്ഷേമ മന്ത്രി കെ. രാധാകൃഷ്ണൻ മാതൃഭൂമിയോട് പറഞ്ഞു. ഈ വിഷയം കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽ കൊണ്ടുവരിക മാത്രമല്ല വിശദമായ അന്വേഷണവും ആവശ്യപ്പെട്ടിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ടവർ ജയിലിലാണ്.
നടപടികൾ നേരത്തെ ആരംഭിച്ചു കഴിഞ്ഞു. ഡി.വൈ.എഫ്.ഐ സംസ്ഥാന കമ്മിറ്റി അംഗമല്ല എത്ര ഉന്നതരായാലും തട്ടിപ്പുനടത്തിയവരെ സർക്കാർ സംരക്ഷിക്കില്ല. ഈ കാര്യത്തിൽ ഗൗരവമായ നടപടികൾ ഉണ്ടാവും. ശ്രദ്ധയിൽപ്പെട്ട സമയത്ത് നടപടി അന്ന് സ്വീകരിച്ചതിനാലാണ് അന്വേഷണവും അറസ്റ്റും റിമാൻഡുൾപ്പടെ ഉണ്ടായത്.
സമാനമായ സംഭവങ്ങൾ ഉണ്ടായിട്ടുണ്ടൊ എന്ന പരിശോധനയും നടക്കുന്നുണ്ട്. തട്ടിപ്പു നടത്തിയവർ ആരായാലും നടപടി ഉണ്ടാവുമെന്ന് മന്ത്രി വ്യക്തമാക്കി.ഞായറാഴ്ച ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് ഇത് സംബന്ധിച്ച് ഉന്നയിച്ച ആരോപണങ്ങളോട് പ്രതികരിക്കുകയായിരുന്നു മന്ത്രി .