തിരുവനന്തപുരം: മലയാളം മഹാനിഘണ്ടു (ലെക്സിക്കൺ) മേധാവിയായി ചട്ടങ്ങൾ ലംഘിച്ച് സംസ്കൃത അധ്യാപികയ്ക്ക് നിയമനം നൽകി. മുഖ്യമന്ത്രിയുടെ ഓഫീസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടി ആർ. മോഹനന്റെ ഭാര്യ ഡോ. പൂർണിമ മോഹനെയാണ് ഈ തസ്തികയിൽ നിയമിച്ചത്.
മലയാളഭാഷയിൽ ഉന്നതപ്രാവീണ്യവും ഗവേഷണബിരുദവും പത്തുവർഷത്തെ മലയാള അധ്യാപനപരിചയവുമാണ് മഹാനിഘണ്ടു എഡിറ്ററുടെ യോഗ്യത. ചട്ടങ്ങൾ പാലിക്കാതെയുള്ള നിയമനം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സേവ് യൂണിവേഴ്സിറ്റി കാമ്പയിൻ കമ്മിറ്റി ഗവർണർക്ക് പരാതി നൽകി.
കാലടി സംസ്കൃത സർവകലാശാലയിലെ സംസ്കൃതവിഭാഗം അധ്യാപികയായ പൂർണിമ മോഹന് ഈ തസ്തികയ്ക്ക് നിശ്ചയിച്ചിട്ടുള്ള യോഗ്യതകൾ ഇല്ലെന്ന് പരാതിയിൽ പറയുന്നു. ലെക്സിക്കൺ മേധാവിയുടെ ചുമതല വഹിച്ചിരുന്ന മലയാളം പ്രൊഫസറെ ചുമതലയിൽനിന്ന് നീക്കിയാണ് വിവാദനിയമനം.
മലയാള പണ്ഡിതരായിരുന്ന ഡോ. ശൂരനാട് കുഞ്ഞൻപിള്ള, ഡോ. ആർ.ഇ. ബാലകൃഷ്ണൻ, ഭാഷാശാസ്ത്ര പണ്ഡിതനായ ഡോ. സോമശേഖരൻനായർ എന്നിവരുൾപ്പെടെയുള്ള മുതിർന്ന മലയാളം പ്രൊഫസർമാരെയാണ് ഇതുവരെ ലെക്സിക്കൺ എഡിറ്റർമാരായി നിയമിച്ചത്. മുതിർന്ന മലയാളം പ്രൊഫസർമാരെ ഒഴിവാക്കിയാണ് മറ്റൊരു ഭാഷയിൽ പ്രാവീണ്യമുള്ള വ്യക്തിക്ക് നിയമനം നൽകിയതെന്ന് സേവ് യൂണിവേഴ്സിറ്റി കാമ്പയിൻ കമ്മിറ്റി ചെയർമാൻ ആർ.എസ്. ശശികുമാറും സെക്രട്ടറി എം. ഷാജർഖാനും ആരോപിച്ചു.