കഴിഞ്ഞ ദിവസമാണ് മലയാളത്തിലെ ഏറ്റവും വലിയ ഹിറ്റ് കൂട്ടുകെട്ടായ ജീത്തു ജോസഫ് മോഹന്ലാല് കോംബോയിലെ അടുത്ത സിനിമ പ്രഖ്യാപിച്ചത്. ഡിറ്റക്ടീവ്, മെമ്മറീസ്, ദൃശ്യം, ദൃശ്യം 2 എന്നീ ഹിറ്റ് ത്രില്ലറുകളുടെ സൃഷ്ടാവിനൊപ്പം ആദ്യ സിനിമ സംഭവിക്കാന് പോകുന്ന സന്തോഷത്തിലാണ് തിരക്കഥാകൃത്ത് കെ ആര് കൃഷ്ണകുമാര്. ‘ട്വല്ത് മാനി’ ലേക്കും ഹിറ്റ് കൂട്ടുകെട്ടിലേക്കും എത്തിയ വഴികളും, സിനിമയുടെ വിശേഷവും പങ്കുവയ്ക്കുകയാണ് കൃഷ്ണകുമാര്.
* ട്വല്ത്ത് മാന്/ ജീത്തു ജോസഫിലേക്ക്
– കുറച്ചധികം നാളുകളായുള്ള പരിചമാണ് ജീത്തു ജോസഫുമായുള്ളത്. സിനിമയുമായി ബന്ധപ്പെട്ടുതന്നെ പല ചര്ച്ചകളും ചെയ്യാറുള്ള ആളുകളാണ്. മലയാളത്തിലെ യുവ നടനെ വച്ച് ജീത്തുവുമായി ചേര്ന്ന് ഒരു സിനിമ പ്ലാന് ചെയ്തിരുന്നു. അതിന്റെ വര്ക്കുകള് നടന്നുകൊണ്ടിരിക്കുന്നതിനിടയിലാണ് കോവിഡും തടസ്സങ്ങളും വന്നത്. അനൗണ്സ് ചെയ്യാന് പോസ്റ്റര്വരെ തയ്യാറായിരുന്നു. ത്രില്ലര് സിനിമയായിരുന്നു അതും. ജൂണ്, ജൂലൈ, ആഗസ്ത് മാസങ്ങളിലായിരുന്നു ഷൂട്ടും പ്ലാന് ചെയ്തിരുന്നത്. ഈ സാഹചര്യത്തിലാണ് കുറച്ചുമുമ്പേ പറഞ്ഞ സബ്ജക്ടുമായി ആദ്യം മുന്നോട്ടുപോകാം എന്ന് ജീത്തു തീരുമാനിച്ചത്. വണ്ലൈന് കേട്ടപ്പോള്ത്തന്നെ മോഹന്ലാലും നല്ല അഭിപ്രായം പറഞ്ഞു. അങ്ങനെയാണ് ‘ട്വല്ത്ത് മാന്’ സിനിമയാക്കുന്നതിലേക്ക് അടുക്കുന്നത്. കോവിഡ് പശ്ചാത്തലത്തില് ചെയ്യാന് വേണ്ടി എഴുതിയ സിനിമയല്ല. ദൃശ്യത്തിന് മുമ്പേ ജീത്തുവുമായി സംസാരിച്ചിട്ടുള്ളതാണ്. ഒന്നര വര്ഷത്തോളം എടുത്താണ് പൂര്ണരൂപത്തിലേക്ക് എത്തുന്നതും. കോവിഡ് അല്ലെങ്കിലും കുറച്ച് ലൊക്കേഷനുകളില് മാത്രം ചെയ്യേണ്ടുന്ന സിനിമയാണ്.
* 12 ആന്ഗ്രി മെനും, ദ മാന് ഫ്രം എര്ത്തുമല്ല ‘ട്വല്ത്ത് മാന്’
– വിദേശഭാഷാ ചിത്രങ്ങളൊന്നും തന്നെ ഈ സിനിമയെ സ്വാധീനിച്ചിട്ടില്ല. ഏതെങ്കിലും ത്രില്ലര് സിനിമയുമായി സാമ്യമുള്ള ഒന്നായിരിക്കില്ല എന്ന് പടം കണ്ടുകഴിയുമ്പോള് പ്രേക്ഷകന് ബോധ്യപ്പെടും. പക്കാ മിസ്റ്ററി ഡ്രാമയാണിത്. പേര് കണ്ടിട്ടുള്ള ചര്ച്ചകളാണ് പലയിടത്തും നടക്കുന്നത്. ഇതൊരു പഴുതുകളടച്ച, ശാസ്ത്രീയതയും, ലോജിക്കുമുള്ള ത്രില്ലര് സിനിമയായിരിക്കും. ഇത്തരത്തില് സസ്പെന്സിന് പിറകേ പോകുന്ന മെത്തേഡ് മുന്പ് കണ്ടിരിക്കില്ല എന്ന് ഉറപ്പാണ്. പൂര്ണമായും വ്യത്യസ്തമായ ട്രീറ്റ്മെന്റാണ് സിനിമയുടേത്.
* പുറമേ നിന്നുള്ള തിരക്കഥയില് ജീത്തുവിന്റെ ആദ്യ ത്രില്ലര്
– സംവിധാനംചെയ്ത നാല് ത്രില്ലര് സിനിമകളും സ്വന്തമായാണ് ജീത്തു ജോസഫ് തിരക്കഥ എഴുതിയിരിക്കുന്നത്. അത്രയും പെര്ഫെക്ട് ആയിട്ടുള്ള സബ്ജക്ട് ആയതുകൊണ്ടാണ് ഇതിന്റെ വണ് ലൈന് പറയാന്തന്നെ ആത്മവിശ്വാസം ഉണ്ടായതും. ഇന്ഡസ്ട്രിയിലെ ഏറ്റവും മികച്ച ത്രില്ലര് എഴുത്തുകാരനാണ് ജീത്തു. എഴുത്തിന്റെ പലഘട്ടങ്ങളിലും അത് ഒരുപാട് സഹായിച്ചിട്ടുണ്ട്. എല്ലാം പെര്ഫെക്ട് ആയിരുന്നതുകൊണ്ട് മാത്രമാണ് ട്വല്ത് മാന് സംഭവിക്കാന് പോകുന്നത്.
* ഇന്ദ്രന്സും ഉള്വ്വശിയും അഭിനയിക്കേണ്ടിയിരുന്ന തൊണ്ടിമുതല്
– സജീവ് പാഴൂരും ഞാനും ജേര്ണലിസം പഠിക്കുന്ന സമയത്ത് ബാച്ച് മേറ്റ്സ് ആയിരുന്നു. പിന്നീടാണ് പരസ്യ നിര്മാണ രംഗത്തേക്ക് തിരിയുന്നത്. പാഴൂരിന്റെ തൊണ്ടിമുതലും ദൃക്സാക്ഷിയും ആദ്യം കഥകേള്ക്കുന്ന ഒരാളും ഞാനായിരിക്കും. അത് സിനിമയാക്കാന് ഒരു ശ്രമം ഞങ്ങള് നടത്തിയിരുന്നു. തമിഴ്നാട് അതിര്ത്തി ഗ്രാമത്തിന്റെ പശ്ചാത്തലത്തിലായിരുന്നു കഥ. സുരാജ് വെഞ്ഞാറമൂടും നിമിഷ സജയനും ചെയ്ത കഥാപാത്രങ്ങളായി ഇന്ദ്രന്സും, ഉര്വ്വശിയും ആയിരുന്നു വരേണ്ടിയിരുന്നത്. പലകാരണങ്ങളാല് അത് മുടങ്ങി. പിന്നീടാണ് ആ കഥ ദിലീഷ് പോത്തനിലേക്ക് എത്തുന്നതും സിനിമയാകുന്നതും.
* അവസരവും സമ്മര്ദ്ദവും
ദൃശ്യം 2 വിന്റെ മികച്ച വിജയത്തിനുശേഷം അതേ ടീമിനെ വച്ച് ചെയ്യുന്ന സിനിമ എന്നത് ഒരേസമയം സന്തോഷവും സമ്മര്ദ്ദവും തരുന്നകാര്യമാണ്. ആളുകളുടെ പ്രതീക്ഷക്കൊപ്പം എത്തിയില്ലെങ്കില് അത് വലിയ തിരിച്ചടിയാകും. എല്ലാവരെയും തൃപ്തിപ്പെടുത്താനാകണം. അതിനുവേണ്ടി നല്ലതുപോലെ പരിശ്രമിച്ചിട്ടുണ്ട്.