കൊയിലാണ്ടി: കശ്മീരിലെ രജൗരി ജില്ലയിലെ സുന്ദർബനി സെക്ടറിൽ പാക് ഭീകരരുടെ നുഴഞ്ഞുകയറ്റം തടയുന്നതിനിടയിൽ വീരമൃത്യു വരിച്ച നായിബ് സുബേദാർ എം. ശ്രീജിത്തിന് ജന്മനാട് കണ്ണീരോടെ യാത്രാമൊഴി നൽകി. ശനിയാഴ്ച രാവിലെ ഏഴുമണിയോടെ പൂർണ സൈനികബഹുമതികളോടെ ചേമഞ്ചേരി പൂക്കാട് പടിഞ്ഞാറെത്തറ വീട്ടിലാണ് ശവസംസ്കാരം നടന്നത്. വെള്ളിയാഴ്ച പ്രത്യേകവിമാനത്തിൽ കോയമ്പത്തൂർ സുലൂർ വ്യോമസേനാതാവളത്തിൽ എത്തിച്ച ഭൗതികശരീരം പിന്നീട് റോഡുമാർഗമാണ് നാട്ടിലെത്തിച്ചത്. ജില്ലാഅതിർത്തിയായ രാമനാട്ടുകരയിൽ കൊയിലാണ്ടി തഹസിൽദാർ സി.പി. മണിയും സംഘവും ഏറ്റുവാങ്ങി പുലർച്ചെ രണ്ടോടെ പടിഞ്ഞാറെത്തറയിൽ വീട്ടിൽ എത്തിച്ചു.
സംസ്ഥാനസർക്കാരിനുവേണ്ടി വനംവകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രൻ ശവസംസ്കാരച്ചടങ്ങിൽ പങ്കെടുത്തു. മുഖ്യമന്ത്രിക്കുവേണ്ടി പുഷ്പചക്രം അർപ്പിച്ചു. മദ്രാസ് െറജിമെന്റിലെ 122 ടി.എ. െലഫ്.കേണൽ സിദ്ധാന്ത് ചിബ്ബാർ ഗാർഡ് ഓഫ് ഓണറിന് നേതൃത്വംനൽകി. പോലീസിനുവേണ്ടി ജില്ലാ സായുധസേനാവിഭാഗം ഗാർഡ് ഓഫ് ഓണർ നൽകി.
ഭാര്യ ഷജിന, അച്ഛൻ വത്സൻ, അമ്മ ശോഭന, മക്കൾ: അതുൽജിത്ത്, തന്മയ ലക്ഷ്മി, സഹോദരങ്ങൾ റാണി, അനൂപ് തുടങ്ങിയവർ അന്ത്യാഞ്ജലിയേകാനെത്തിയപ്പോൾ ദുഃഖം അണപൊട്ടി.
മൃതദേഹം പുതപ്പിച്ച ദേശീയപതാക സൈനികർ ചേർന്ന് ഭാര്യ ഷജിനയ്ക്ക് കൈമാറിയ ചടങ്ങ് വികാരനിർഭരമായി. ദേശീയപതാക മാറോടുചേർത്ത് ഷജിന പൊട്ടിക്കരഞ്ഞു. മകൻ അതുൽ ജിത്താണ് ചിതയ്ക്ക് തീകൊളുത്തിയത്.
കാനത്തിൽ ജമീല എം.എൽ.എ., കളക്ടർ വി. സാംബശിവറാവു, റൂറൽ എസ്.പി. ഡോ. എ. ശ്രീനിവാസ്, പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.ബാബുരാജ്, ചേമഞ്ചേരി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സതി കിഴക്കയിൽ തുടങ്ങിയവർ ആദരാഞ്ജലി അർപ്പിച്ചു.
വീരമൃത്യുവരിച്ച സൈനികൻ നായിബ് സുബേദാർ എം. ശ്രീജിത്തിന്റെ മൃതദേഹത്തിൽ അന്ത്യോപചാരമർപ്പിക്കുന്ന സൈനികർ.
മന്ത്രി എ.കെ. ശശീന്ദ്രൻ, കാനത്തിൽ ജമീല എം.എൽ.എ. തുടങ്ങിയവർ സമീപം |ഫോട്ടോ: സാജൻ വി. നമ്പ്യാർ
അന്ത്യോപചാരമർപ്പിക്കാൻ കണ്ണീരണിഞ്ഞ് ജനാവലി
കോവിഡ് നിയന്ത്രണം മുൻനിർത്തി പൊതുദർശനം ഒഴിവാക്കിയിരുന്നെങ്കിലും നൂറുകണക്കിനാളുകളാണ് ശ്രീജിത്തിനെ അവസാനമായി ഒരുനോക്ക് കാണാൻ വീട്ടിലെത്തിയത്. നാട്ടിലെ ജീവകാരുണ്യ-സാമൂഹിക പ്രവർത്തനങ്ങളിൽ സജീവമായിരുന്ന ശ്രീജിത്ത് വലിയൊരു സുഹൃദ്വലയത്തിനുടമയായിരുന്നു.
വീട്ടിലേക്കുള്ള വഴിയിൽ രാവിലെ മുതൽ പോലീസ് നിയന്ത്രണമേർപ്പെടുത്തിയിരുന്നു. കണ്ണൂരിൽനിന്നും കോഴിക്കോട്ടുനിന്നുമുള്ള സൈനികർ, വിമുക്തഭടൻമാർ, സാമൂഹിക-രാഷ്ട്രീയ പ്രവർത്തകർ, മാധ്യമപ്രവർത്തകർ എന്നിവരെല്ലാം അന്ത്യോപചാരമർപ്പിക്കാൻ വീട്ടിലെത്തി.
ശവസംസ്കാരത്തിനുശേഷം നടന്ന അനുശോചനയോഗത്തിൽ കാനത്തിൽ ജമീല എം.എൽ.എ. അധ്യക്ഷയായി. മന്ത്രി എ.കെ. ശശീന്ദ്രൻ, പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി. ബാബുരാജ്, ചേമഞ്ചേരി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സതി കിഴക്കയിൽ, വൈസ് പ്രസിഡന്റ് അജ്നഫ് കാച്ചിയിൽ, വത്സല പുല്യേത്ത്, സന്ധ്യ ഷിബു, ശബ്ന ഉമ്മാരായിൽ, കണ്ണഞ്ചേരി വിജയൻ, സത്യനാഥൻ മാടഞ്ചേരി, എൻ. ഉണ്ണി, കുമാരൻ തുടങ്ങിയവർ പങ്കെടുത്തു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.പി. ശിവാനന്ദൻ വീട്ടിലെത്തി അനുശോചനമറിയിച്ചു.
കൊയിലാണ്ടി സി.ഐ. എൻ. സുനിൽ കുമാറിന്റെയും എസ്.ഐ. ശ്രീജേഷിന്റെയും നേതൃത്വത്തിൽ പോലീസ് നിയന്ത്രണമൊരുക്കി. സെക്ടറൽ മജിസ്ട്രേറ്റ് ഡോ. പി.കെ. ഷാജി മേൽനോട്ടം വഹിച്ചു.
Content Highlights: Kozhikode bids tearful adieu to Naib Subedar M. Sreejith