തിരുവനന്തപുരം > പുതുതായി രോഗബാധിതരാകുന്നവരുടെ എണ്ണം ഇപ്പോൾ 10,000–-14,000 ആയി കുറഞ്ഞിട്ടും രോഗസ്ഥിരീകരണ നിരക്ക് താഴാത്തത് ആശങ്കയുണ്ടാക്കുന്നതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
രോഗികളുടെ എണ്ണത്തിലെ വർധനയ്ക്കനുസൃതമായി മരണത്തിലും വർധനയുണ്ടായിട്ടുണ്ട്. രോഗികളുടെ എണ്ണം ഏറ്റവും കൂടിയിരുന്നപ്പോഴും കോവിഡ് ആശുപത്രികളിലും ഐസിയുകളിലും ഉചിതമായ ചികിത്സ നൽകാനായി. കോവിഡ് ആശുപത്രി കിടക്കളുടെ 60 –-70 ശതമാനത്തിൽ കൂടുതൽ ഒരിക്കലും ഉപയോഗിക്കേണ്ടിവന്നില്ല. രോഗികളിൽ 90 ശതമാനത്തിനും സർക്കാർ ആശുപത്രികളിൽ സൗജന്യ ചികിത്സ നൽകിവരുന്നു. മറ്റൊരു സംസ്ഥാനത്തിനും കൈവരിക്കാൻ കഴിയാത്ത നേട്ടമാണിതെന്നും അദ്ദേഹം പറഞ്ഞു.
ഒന്നാം തരംഗത്തിന്റെ അവസാനത്തോടെ ഐസിഎംആർ നടത്തിയ സീറോ പ്രിവലൻസ് പഠനമനുസരിച്ച് രോഗവ്യാപനനിരക്ക് മറ്റ് സംസ്ഥാനങ്ങളുടേതിന്റെ (21.6) പകുതി (11.4) മാത്രമായിരുന്നു കേരളത്തിൽ രേഖപ്പെടുത്തിയത്. അതുകൊണ്ടുതന്നെ രണ്ടാം തരംഗത്തിൽ രോഗസാധ്യതയുള്ളവർ കൂടുതലായി. ഇത് ഇപ്പോൾ രോഗികളുടെ എണ്ണം വർധിപ്പിച്ചു. ആ സാഹചര്യത്തിൽ പരിശോധനയുടെ എണ്ണം ഗണ്യമായി വർധിപ്പിക്കാനായെന്നും അദ്ദേഹം പറഞ്ഞു.