തിരുവനന്തപുരം > സംസ്ഥാനത്തെ വാരാന്ത ലോക്ഡൗൺ അടക്കമുള്ള നിയന്ത്രണങ്ങൾ അനന്തമായി കൊണ്ടുപോകാനാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. എത്രയും വേഗം സാധാരണ നിലയിലേക്ക് എത്തേണ്ടതുണ്ട്. അതിനുള്ള സാഹചര്യമൊരുക്കുകയാണ് പ്രധാനം. അതിനാലാണ് നിയന്ത്രണങ്ങളിൽ ഘട്ടം ഘട്ടമായി ഇളവുകൾ വരുത്തുന്നത്. ഇളവുകൾ ദുരുപയോഗം ചെയ്യപ്പെടുന്ന പ്രവണത അനുവദിക്കില്ലെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ഞായറാഴ്ചയും നിയന്ത്രണങ്ങൾ തുടരും. അവശ്യ വസ്തുക്കൾ വിൽക്കുന്ന കടകൾ മാത്രമാണ് ശനിയാഴ്ച തുറന്നത്. പൊതുഗതാഗതമുണ്ടായിരുന്നില്ല. ജില്ലാ അതിർത്തികളിലും പ്രധാന പോയിന്റുകളിലും പൊലീസ് പരിശോധനയുണ്ട്. അത്യാവശ്യ യാത്രകൾക്ക് മാത്രമാണ് അനുമതി.
ഇന്നത്തെ ഇളവുകൾ
നേരത്തെ നിശ്ചയിച്ച പരീക്ഷകൾ നടത്തും. അവശ്യസേവനങ്ങൾക്ക് മാത്രമായി കെഎസ്ആർടിസി സർവീസ്. ഹോട്ടലുകളിലും റസ്റ്റോറന്റുകളിലും രാവിലെ ഏഴു മുതൽ രാത്രി ഏഴുവരെ ഹോം ഡെലിവറി മാത്രം. കള്ളുഷാപ്പുകളിൽ പാഴ്സൽ മാത്രം. പൊലീസ് സ്റ്റേഷനിൽ മുൻകൂട്ടി അറിയിച്ച് നിർമാണ പ്രവർത്തനങ്ങളാകാം. ഭക്ഷ്യ ഉൽപ്പന്നങ്ങൾ, പാൽ, പാലുൽപ്പന്നങ്ങൾ, പച്ചക്കറി, പഴം, പലവ്യഞ്ജനം, മത്സ്യം, മാംസം എന്നിവ വിൽക്കുന്ന കടകൾ രാവിലെ ഏഴു മുതൽ രാത്രി ഏഴുവരെ പ്രവർത്തിപ്പിക്കാം.