തിരുവന്തപുരം: പാലായിലെയും കൽപറ്റയിലെയും പരാജയം സൂക്ഷ്മമായി പരിശോധിക്കുമെന്ന് സിപിഎം സംസ്ഥാന ആക്ടിങ് സെക്രട്ടറി എ.വിജയരാഘവൻ. അമ്പലപ്പുഴയിലേത് വ്യക്തിപരമായ പരിശോധനയല്ലെന്നും കാര്യങ്ങൾ ആകെ പരിശോധിക്കുന്നത് പാർട്ടി ശൈലിയാണെന്നും അദ്ദേഹം വ്യക്തമാക്കി. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിന് ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു വിജയരാഘവൻ.
തിരഞ്ഞെടുപ്പിൽ 140 നിയോജക മണ്ഡലങ്ങളിലും മികച്ച തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ നടത്തി. സ്വാഭാവികമായും ചില പോരായ്മകൾ തിരഞ്ഞെടുപ്പിൽ സംഭവിക്കാനിടയുണ്ട്. അത്തരം കാര്യങ്ങളെ ഗൗരവപൂർവ്വം സമീപിക്കും. രണ്ട് ഘടകകക്ഷി നേതാക്കൾ തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടു. പാലായിൽ ജോസ്. കെ.മാണിയും കല്പറ്റയിൽ എൽജെഡിയുടെ സംസ്ഥാനപ്രസിഡന്റ് എം.വി ശ്രെയാംസ്കുമാറും. ജയിക്കേണ്ട മണ്ഡലങ്ങളിൽ സംഘടനാപരമായ പരിമിതികൾ ഉണ്ടായിട്ടുണ്ട്. ഇത്തരം കാര്യങ്ങൾ സൂക്ഷ്മ പരിശോധന നടത്തുന്നത് പാർട്ടിയെ സംബന്ധിച്ചിടത്തോളം ആവശ്യമാണ്. ആ നിലയിൽ പരാജയപ്പെട്ട ചില മണ്ഡലങ്ങളിലെ പോരായ്മകൾ പരിശോധിക്കാൻ തീരുമാനിച്ചിട്ടുണ്ട്.
ഭാവിയിൽ പാർട്ടിക്ക് ഇത്തരം കാര്യങ്ങൾ സംഭവിക്കാതിരിക്കുന്നതിനുളള പരിശോധനകളും തിരുത്തലുകളുമാണ് പാർട്ടി നടപടികളെന്നും വിജയരാഘവൻ പറഞ്ഞു
അമ്പലപ്പുഴയിലെ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളെ സംബന്ധിച്ച് പരാതികൾ കിട്ടി. സംസ്ഥാന കമ്മിറ്റി അത് പരിശോധിക്കാൻ തീരുമാനിച്ചിട്ടുണ്ട്. പ്രവർത്തന മേഖലയിലെ ചില പരിമിതികളെ സംബന്ധിച്ചുളള പരിശോധനയാണ് അത്. വ്യക്തിപരമായ പരിശോധനയല്ല, കാര്യങ്ങൾ ആകെ പരിശോധിക്കുന്നു, അത് പാർട്ടി ശൈലിയാണ്. വിജയരാഘവൻ പറഞ്ഞു.
Content Highlights: A. Vijayaraghavan Press meet