കൊച്ചി: പൂജപ്പുര ജയിൽ സൂപ്രണ്ട് ഉൾപ്പെടെയുള്ള മൂന്ന് പോലീസുകാർ ജയിലിൽ തന്നെ നിരന്തരം പീഡിപ്പിക്കുന്നതായി സ്വർണക്കടത്ത് കേസിലെ പ്രതി സരിത്തിന്റെ മൊഴി. കൊച്ചിയിലെ എൻഐഎ കോടതിയിലാണ് സരിത്ത് മൊഴി നൽകിയത്. ജയിലിൽ ഭീഷണി ഉണ്ടെന്നും സംരക്ഷണം വേണമെന്നും മാധ്യമങ്ങളോടും സരിത് പ്രതികരിച്ചു.
സ്വർണക്കടത്ത് കേസിൽ ബിജെപി-കോൺഗ്രസ് നേതാക്കളുടെ പേര് പറയണമെന്നാവശ്യപ്പെട്ട് ജയിലിൽ തനിക്ക് ശാരീരിക-മാനസിക പീഡനങ്ങളുണ്ടായെന്ന് നേരത്തെ സരിത്ത് ആരോപണമുന്നയിച്ചിരുന്നു. ജയിലിൽ കാണാനെത്തിയ അമ്മയോടും സഹോദരിയോടും സരിത് ഇക്കാര്യം അറിയിച്ചിരുന്നു. തുടർന്നാണ് സരിത്തിന് സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് അഭിഭാഷകൻ എൻഎഐ കോടതിയെ സമീപിച്ചത്.
അതേസമയം സരിത്തിന് ഭീഷണി ഉണ്ടാവരുതെന്നും എല്ലാ തരത്തിലുള്ള സംരക്ഷണവും ഉണ്ടാവണമെന്നും ജയിൽ ഡിജിപിയോട് കോടതി നിർദേശിച്ചു.കേസിൽ തുടർനടപടി സ്വീകരിക്കാൻ കോടതി വീണ്ടും വാദം കേൾക്കും.
Content Highlights:Diplomatic Baggage Gold Smuggling Case Sarith NIA Court