സ്വര്‍ണക്കടത്ത് കേസിൽ ഒരു അട്ടിമറി നീക്കം നടക്കുന്നുവെന്നാണ് പ്രതി സരിത്തിന്റെ പരാതി. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ, കേന്ദ്ര മന്ത്രി വി മുരളീധരൻ എന്നിവരുടെ പേരും മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പേര് പറയുവാനുമാണ് സമ്മര്‍ദ്ദം എന്ന് മനോരമ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
അതിനുപുറമെ, കസ്റ്റംസ് ഭീഷണിപ്പെടുത്തിയാണ് മുഖ്യമന്ത്രിയുടെ പേര് പറഞ്ഞത് എന്ന് പറയാനും ഭീഷണിയുണ്ട്. സ്വര്‍ണക്കടത്ത് കേസിന്റെ അനുബന്ധമായി ഡോളര്‍ കടത്ത് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. അതിൽ മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടുവെന്ന് സരിത് നേരത്തെ മൊഴി നൽകിയിരുന്നു. ആ മൊഴി കസ്റ്റംസ് ഭീഷണിപ്പെടുത്തിയാണ് പറയിപ്പിച്ചത് എന്ന് പറയാനാണ് ഭീഷണി എന്ന് സരിത് പരാതിയിൽ പറയുന്നു.
നിലവിൽ പൂജപ്പുര സെൻട്രൽ ജയിലിൽ റിമാന്റിൽ കഴിയുകയാണ് സരിത്. എൻഐഎ കേസിൽ റിമാന്റ് പുതുക്കാൻ കോടതിയിൽ ഓൺലൈനായി ഹാജരാക്കിയപ്പോഴാണ് സരിത് അഭിഭാഷകൻ മുഖേന ഇക്കാര്യം കോടതിയെ അറിയിച്ചത്. ജയിലിൽ നിരന്തരം ഭീഷണിയുണ്ടെന്നും ചില നേതാക്കളുടെ പേര് പറയാൻ നിര്‍ബന്ധിക്കുകയാണെന്നും പരാതിയിൽ പറയുന്നു.
ജയിൽ അധികൃതർ നിര്‍ബന്ധിച്ചുവെന്നാണ് സരിതിന്റെ അഭിഭാഷകൻ കോടതിയിൽ പറഞ്ഞു. സരിതിന്റെ ആവശ്യം പരിഗണിച്ച കോടതി നാളെ രാവിലെ 11മണിക്ക് എൻഐഎ കോടതിയിൽ നേരിട്ട് ഹാജരാക്കാൻ ഉത്തരവിട്ടു.
ജയിലിൽ സരിതിന് മാനസിക, ശാരീരിക പീഡനം ഉണ്ടാകരുതെന്നു ജയിൽ സൂപ്രണ്ടിന് കോടതി കർശന നിർദ്ദേശവും നൽകി. പ്രത്യേക സിറ്റിംഗ് നടത്തി കോടതി കേസ് കേൾക്കും.