തിരുവനന്തപുരം > സംസ്ഥാനത്ത് സിക വൈറസ് സ്ഥിരീകരിച്ചതോടെ വിപുലമായ കർമപദ്ധതി തയ്യാറാക്കി ആരോഗ്യവകുപ്പ് പ്രതിരോധം ശക്തമാക്കി. ആവശ്യമായ വകുപ്പുകളെ ഏകോപിപ്പിച്ചാകും പ്രവർത്തനം . രോഗവ്യാപന സാധ്യതയുള്ള പ്രദേശം, ആശുപത്രി എന്നിവിടങ്ങളിൽ പരിശോധന നടത്തും. സ്വകാര്യ ആശുപത്രികളെയും ഇതിന്റെ ഭാഗമാക്കും. ഡ്രൈ ഡേ കൂടുതൽ ശക്തിപ്പെടുത്തും. സംസ്ഥാനത്താകെ ജാഗ്രതാ നിർദേശം നൽകാനും മന്ത്രി വീണാ ജോർജിന്റെ നേതൃത്വത്തിൽ ചേർന്ന ജില്ലാ മെഡിക്കൽ ഓഫീസർമാരുടെ യോഗം തീരുമാനിച്ചു.
ഭീതി വേണ്ട
സിക രോഗബാധയെക്കുറിച്ച് അമിതഭീതി വേണ്ടെന്നും അതീവ ജാഗ്രത മതിയെന്നും ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു. സിക മരണകാരണമാകില്ല. എന്നാൽ, നാലുമാസം വരെയുള്ള ഗർഭസ്ഥ ശിശുക്കൾക്ക് ഭീഷണിയാണ്.വീടും പരിസരവും പൊതുഇടങ്ങളും ആഴ്ചയിലൊരിക്കൽ ശുചിയാക്കണം. ഡെങ്കി, ചിക്കുൻഗുനിയ എന്നിവയ്ക്കൊപ്പം സിക പരിശോധനകൂടി നടത്തണമെന്നും പത്തനംതിട്ടയിൽ മീറ്റ് ദ പ്രസിൽ മന്ത്രി പറഞ്ഞു.
കേരളത്തിലേക്ക് കേന്ദ്രസംഘം
ന്യൂഡൽഹി > കേരളത്തിലെ സിക വൈറസ് സാഹചര്യം നിരീക്ഷിക്കാൻ ആറംഗ കേന്ദ്ര സംഘത്തെ അയച്ചതായി ആരോഗ്യ മന്ത്രാലയം ജോ. സെക്രട്ടറി ലവ് അഗർവാൾ അറിയിച്ചു. ആരോഗ്യ വിദഗ്ധരും പ്രാണികൾ പരത്തുന്ന രോഗങ്ങളുടെ കാര്യത്തിലെ വിദഗ്ധരുമാണ് സംഘത്തിലുള്ളത്. സംസ്ഥാന സർക്കാരുമായി സഹകരിച്ച് പ്രതിരോധ പ്രവർത്തനങ്ങളിലേക്ക് കടക്കുമെന്നും – ലവ് അഗർവാൾ പറഞ്ഞു.
13 പേർക്കുകൂടി സിക
തിരുവനന്തപുരം > സംസ്ഥാനത്ത് 13 പേർക്കുകൂടി സിക വൈറസ്ബാധ സ്ഥിരീകരിച്ചു. തിരുവനന്തപുരത്തുനിന്ന് പുണെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അയച്ച 19 സാമ്പിളിൽ 13 എണ്ണം പോസിറ്റീവായി. ഇവരെല്ലാം സ്വകാര്യ ആശുപത്രി ജീവനക്കാരാണ്. പോസിറ്റീവായവരുടെ താമസസ്ഥലവും, റൂട്ട് മാപ്പും വിശദമായി പരിശോധിക്കുന്നുണ്ട്. വ്യാഴാഴ്ച പാറശാല സ്വദേശിനിക്ക് രോഗം കണ്ടെത്തിയിരുന്നു. ഇവർ താമസിച്ച നന്ദൻകോടും സ്വദേശമായ പാറശാലയിലും നിരീക്ഷണം ശക്തമാക്കി. 17 സാമ്പിൾ ഇവിടെനിന്നും ശേഖരിച്ചു.
പനിയുള്ള ഗർഭിണികൾക്ക് പരിശോധന
അഞ്ച്മാസം വരെ ഗർഭിണികളായവർക്ക് പനിയുണ്ടെങ്കിൽ സിക്ക പരിശോധിക്കാൻ തീരുമാനിച്ചു.
ഗർഭാവസ്ഥയുടെ ആദ്യമാസങ്ങളിൽ വൈറസ്ബാധ ഗുരുതരമാകാനിടയുള്ളതിനാൽ പ്രത്യേകം ശ്രദ്ധപുലർത്താനും നിർദേശിച്ചു. പനി, തലവേദന, ശരീര വേദന, ചുവന്ന പാടുകൾ എന്നിവയാണ് പ്രധാന ലക്ഷണം. രോഗ ബാധിതരുമായുള്ള ലൈംഗിക ബന്ധത്തിലൂടെയും രക്തദാനത്തിലൂടെയും വൈറസ് പകരാം. സമ്പർക്കത്തിലൂടെ വ്യാപന സാധ്യതയില്ല.
എല്ലായിടത്തും ലാബ്
സിക വൈറസ് കണ്ടെത്താനുള്ള ലാബ് സൗകര്യം വർധിപ്പിക്കും. മെഡിക്കൽ കോളേജിന് പുറമേ പബ്ലിക് ഹെൽത്ത് ലാബിലും സംവിധാനമൊരുക്കും.
ആരോഗ്യ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. ആശ തോമസ്, പ്രിൻസിപ്പൽ സെക്രട്ടറി ഡോ. രാജൻ എൻ ഖോബ്രഗഡെ, തിരുവനന്തപുരം കലക്ടർ ഡോ. നവ്ജ്യോത് ഖോസ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.