തിരുവനന്തപുരം > സംസ്ഥാനത്തെ കൂടുതൽ വ്യവസായ സൂഹൃദമാക്കുന്നതിനും നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതിനുമായി വ്യവസായ പാർക്കുകളിൽ സംരംഭക യൂണിറ്റുകൾക്ക് അതിവേഗ അനുമതിക്ക് ഏകജാലക ബോർഡുകൾ രൂപീകരിക്കും. മന്ത്രി പി രാജീവിന്റെ അധ്യക്ഷതയിൽ ചേർന്ന വ്യവസായ പാർക്കുകളുടെ അവലോകന യോഗത്തിലാണ് തീരുമാനം. ജില്ലാതലത്തിലും വ്യവസായ പ്രിൻസിപ്പൽ സെക്രട്ടറി, ചീഫ് സെക്രട്ടറി എന്നിവരുടെ നേതൃത്വത്തിലുമുള്ള ത്രിതല ഏകജാലക ബോർഡ് സംവിധാനത്തിന് പുറമേയാണ് പുതിയ ബോർഡ്.
കെഎസ്ഐഡിസി, കിൻഫ്ര, സിഡ്കോ, ഡിഐസി പാർക്കുകളിലെല്ലാം ബോർഡ് നിലവിൽ വരും. വ്യവസായ പാർക്ക് വികസന പുരോഗതി വിലയിരുത്താൻ പ്രത്യേക വെബ് പോർട്ടൽ തുടങ്ങും. കെഎസ്ഐഡിസി ലൈഫ് സയൻസ് പാർക്ക് രണ്ടാംഘട്ട പ്രവർത്തനം സെപ്തംബറിൽ ആരംഭിക്കും. കണ്ണൂർ വലിയ വെളിച്ചം ഇൻഡസ്ട്രിയൽ ഗ്രോത്ത് സെന്റർ, കിൻഫ്ര ഡിഫൻസ് പാർക്ക് എന്നിവിടങ്ങളിൽ നിക്ഷേപകർക്കായി പ്രത്യേക പാക്കേജ് ഏർപ്പെടുത്തും. കിൻഫ്ര പെട്രോ കെമിക്കൽ പാർക്കിന് അനുബന്ധമായി ഫാർമ പാർക്ക് വികസിപ്പിക്കാൻ പദ്ധതിയുണ്ട്. താൽപ്പര്യപത്രം ക്ഷണിച്ചു. സ്പൈസസ് പാർക്കിൽ സ്പൈസസ് ബോർഡുമായി ചേർന്ന് അടിസ്ഥാന സൗകര്യം ഏർപ്പെടുത്തും. ലാൻഡ് ബാങ്കിൽ കണ്ടെത്തിയ സ്ഥലങ്ങളിൽ സംരംഭകരെ ആകർഷിക്കാനും നടപടിയുണ്ടാകും.
വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ഇളങ്കോവൻ, കെഎസ്ഐഡിസി എംഡി എം ജി രാജമാണിക്യം, വ്യവസായ ഡയറക്ടർ ഭണ്ഡാരി സ്വാഗത് രൺവീർചന്ദ്, കിൻഫ്ര എംഡി സന്തോഷ് കോശി തോമസ് എന്നിവർ പങ്കെടുത്തു.
കിറ്റെക്സിന്റെ വാദം സമൂഹം വിലയിരുത്തട്ടെ
സ്വന്തം ലേഖകൻ
തിരുവനന്തപുരം > കിറ്റെക്സ് കമ്പനിയെ ആട്ടിപ്പായിച്ചുവെന്ന കമ്പനി എംഡിയുടെ പരാമർശം ശരിയാണോ എന്ന് സമൂഹം വിലയിരുത്തട്ടെയെന്ന് വ്യവസായ മന്ത്രി പി രാജീവ് വ്യക്തമാക്കി. കിറ്റെക്സിനെന്നല്ല, ഒരു വ്യവസായത്തിനെതിരെയും സർക്കാർ ഒരുനടപടിയും സ്വീകരിച്ചിട്ടില്ല. കേരളത്തെ കൂടുതൽ വ്യവസായ സൗഹൃദമാക്കാൻ ഉത്തരവാദിത്തത്തോടെ സർക്കാർ ചെയ്യുന്ന കാര്യങ്ങൾ നല്ല നിലയിലാണ് വ്യവസായലോകം കാണുന്നത്. വ്യവസായവുമായി ബന്ധപ്പെട്ട പരാതികൾ തീർപ്പാക്കുന്നതിന് നിയമാനുസൃതമായ പുതിയ സംവിധാനം കൊണ്ടുവരുമെന്നും മന്ത്രി പറഞ്ഞു.
പരാതി നൽകിയിട്ടുണ്ട്, പരിശോധന സ്വാഭാവികം
കൊച്ചി > കിറ്റെക്സ് കമ്പനിക്കെതിരെ എറണാകുളത്തെ നാലു കോൺഗ്രസ് എംഎൽഎമാർ പരാതി നൽകിയത് സത്യമാണെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശൻ പറഞ്ഞു. കടമ്പ്രയാർ മലീനീകരണമാണ് പരാതിയിൽ ഉന്നയിച്ചതെന്നും അദ്ദേഹം പറഞ്ഞു. ജനപ്രതിനിധികളുടെ പരാതി ലഭിച്ചാൽ സർക്കാർ പരിശോധന നടത്തുന്നത് സ്വാഭാവികമാണ്. അതിൽ തെറ്റില്ല. കിറ്റെക്സിന് ഇതിൽ പ്രത്യേക അവകാശമില്ല. കേരളം വ്യവസായ സൗഹൃദ സംസ്ഥാനം തന്നെയാണ്. മറിച്ചുള്ള പ്രചാരണം സംസ്ഥാനത്തിന്റെ മഹിമ കളയുമെന്നും അദ്ദേഹം പറഞ്ഞു.