തിരുവനന്തപുരം: സിക്ക വൈറസ് ബാധ സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ കേന്ദ്രത്തിൽനിന്നുള്ള വിദഗ്ധ സംഘം കേരളത്തിലെത്തും. ആറംഗ സംഘമാവും എത്തുക. സിക്ക സ്ഥിരീകരിച്ച സാഹചര്യങ്ങൾ സംഘം വിലയിരുത്തും. അതിനിടെ, രോഗപ്പകർച്ച വ്യാപകമാകുന്നത് തടയാൻ ആവശ്യമായ എല്ലാ സഹായവും കേരളത്തിന് നൽകുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.
കേരളത്തിൽ 15 പേർക്കാണ് ഇതുവരെ സിക്ക വൈറസ് ബാധ സ്ഥിരീകരിച്ചത്. കൊതുകു വഴി പടരുന്ന രോഗമായതിനാൽ കൂടുതൽ പേരിലേക്ക് വൈറസ് ബാധയുണ്ടാകാമെന്ന് ആരോഗ്യ മന്ത്രാലയം വിലയിരുത്തുന്നുണ്ട്. ഇത്തരമൊരു ആശങ്ക സംസ്ഥാന ആരോഗ്യ വകുപ്പിനുമുണ്ട്. അതിനിടെയാണ് കേന്ദ്ര സംഘം എത്തുന്നത്. നിലവിലെ സ്ഥിതിഗതികൾ നിരീക്ഷിക്കുകയും രോഗപ്രതിരോധത്തിന് സംസ്ഥാനത്തെ സഹായിക്കുകയുമാണ് കേന്ദ്ര സംഘത്തിന്റെ ദൗത്യം.
നിലവിൽ സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ച 15 പേരിൽ 14 ഉം സ്വകാര്യ ആശുപത്രി ജീവനക്കാരാണ്. കോവിഡ് സാഹചര്യത്തിൽ സംസ്ഥാനത്ത് മറ്റാരു ആരോഗ്യ പ്രതിസന്ധി ഉണ്ടാകാതെ നോക്കേണ്ടത് ആരോഗ്യ വകുപ്പിന് നിർണായകമാണ്. സംസ്ഥാനത്ത് കോവിഡ് വ്യാപനം കാര്യമായ മാറ്റമില്ലാതെ തുടരുന്നതിനിടെയാണ് സിക്ക വൈറസ് ബാധയും റിപ്പോർട്ടു ചെയ്യപ്പെട്ടിട്ടുള്ളത്.
Content Highlights:Zika virus: central team to visit Kerala