ന്യൂഡല്‍ഹി: ഒരു കാലത്ത് അസം ക്രിക്കറ്റിന്റെ ഭാവി വാഗ്ദാനമെന്ന് അറിയപ്പെട്ട പ്രകാശ് ഭഗത് ഇന്ന് കുടുംബത്തിന്റെ രണ്ട് അറ്റവും കൂട്ടി മുട്ടിക്കാന്‍ കഷ്ടപ്പെടുകയാണ്. ഇടം കൈയ്യന്‍ ബോളറും വലം കൈയ്യന്‍ ബാറ്റ്സ്മാനുമായ പ്രകാശ് ഭഗത്ത് ഇത്ഘോലയിലെ റോഡ് സൈഡില്‍ ദാല്‍ പൂരി വില്‍ക്കുകയാണിപ്പോള്‍. ആറംഗ കുടുംബത്തിന്റെ ഏക വരുമാനമാണ് പ്രകാശ്.
അസം ടീമില്‍ അംഗമായിരുന്ന പ്രകാശ് 2009-10, 2010-11 സീസണുകളില്‍ റയില്‍വെയിസിനും, ജമ്മു കശ്മീരിനുമെതിരായി രഞ്ജി ട്രോഫിയിലും കളിച്ചിട്ടുണ്ട്. ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ (എന്‍സിഎ) ഒരു മാസത്തെ പരിശീലനവും മുന്‍ താരത്തിന് ലഭിച്ചിട്ടുണ്ട്.
“എൻസിഎയിലെ പരിശീലന സമയത്ത് സൗരവ് ഗാംഗുലിക്കെതിരെ നെറ്റ്സില്‍ പന്തെറിയാന്‍ അവസരം ലഭിച്ചിട്ടുണ്ട്. അന്ന് സച്ചിന്‍ തെന്‍ഡുല്‍ക്കര്‍, സഹീര്‍ ഖാൻ, ഹര്‍ഭജന്‍ സിങ്, വീരേന്ദര്‍ സേവാഗ്, ഗാംഗുലി എന്നിവരെ പരിചയപ്പെടാന്‍ സാധിച്ചിരുന്നു. 2011 ല്‍ പിതാവിന്റെ മരണത്തിന് ശേഷം എനിക്ക് ക്രിക്കറ്റ് വിടേണ്ടി വന്നു,” പ്രകാശ് പറഞ്ഞു
“എന്റെ പിതാവും, മുതിര്‍ന്ന സഹോദരന്‍ ദീപക് ഭഗതും ഉന്തു വണ്ടിയിലാണ് ഭക്ഷണം വിറ്റുകൊണ്ടിരുന്നത്. പിതാവിന്റെ മരണത്തിന് ശേഷം സഹോദരനും ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടായി. ദീപക്ക് വിവാഹിതനായിരുന്നു. രണ്ട് കുട്ടികളുമുണ്ട്. അസം ക്രിക്കറ്റ് അസോസിയേഷനോ മറ്റ് എതെങ്കിലും സംഘടനകളോ സാമ്പത്തികമായി സഹായിച്ചാല്‍ എനിക്ക് കളിയിലേക്ക് മടങ്ങിയെത്താനാകും,” പ്രകാശ്‍ കൂട്ടിച്ചേര്‍ത്തു.
1999 സില്‍ചര്‍ ജില്ലാ ക്രിക്കറ്റ് അസോസിയേഷന്റെ അണ്ടര്‍ 13 ടൂര്‍ണമെന്റിലൂടെയാണ് പ്രകാശ് പ്രൊഫഷണല്‍ ക്രിക്കറ്റിലേക്ക് കടന്നു വരുന്നത്. പിന്നീട് അണ്ടര്‍ 16,19, 23, സംസ്ഥാന, ദേശീയ തലങ്ങളിലും കളിച്ചു. സ്ഥിരതയാര്‍ന്ന പ്രകടനമാണ് രഞ്ജി ട്രോഫി ടീമില്‍ ഇടം നേടാന്‍ സഹായിച്ചതെന്ന് പ്രകാശ് പറയുന്നു.
“എന്റെ കുടുംബത്തിന് സാമ്പത്തിക സഹായം ലഭിക്കുകയാണെങ്കില്‍ മൈതാനത്തിലേക്ക് മടങ്ങിയെത്താന്‍ സാധിക്കും. എന്റെ കൂടെ കളിച്ചിരുന്ന പലര്‍ക്കും സര്‍ക്കാര്‍ ജോലി ലഭിച്ചു. അവര്‍ക്ക് സര്‍ക്കാര്‍ തലത്തിലും അല്ലാതെയും സഹായങ്ങള്‍ കിട്ടിയിരുന്നു,” പ്രകാശ് പറഞ്ഞു.
Also Read: ‘നമുക്കൊരു സിനമയ്ക്ക് പോകാം, 2007 ലോകകപ്പ് തോല്‍വിക്ക് ശേഷം രാഹുല്‍ ഭായി പറഞ്ഞു’
The post ഗാംഗുലിക്കെതിരെ പന്തെറിഞ്ഞ അസം സ്പിന്നർ ഇന്ന് പാതയോരത്ത് ദാരിദ്ര്യത്തിനെതിരായ പോരാട്ടത്തിൽ appeared first on Indian Express Malayalam.