ചെന്നൈയിലെ മൈലാപൂരിൽ നിന്നുള്ള 10 വയസുള്ള ഒരു ആൺകുട്ടിയെ അടുത്തിടെ പരിക്കുകളോടെ ആശുപതിയിൽ പ്രവേശിപ്പിച്ചു. അമ്മാവൻ അരവിന്ദിനൊപ്പം ഷോപ്പിംഗിന് പോയ ശശിവരൻ എന്ന് പേരുള്ള കുട്ടി ഈ മാസം ആറിന് രാത്രി ബൈക്കിൽ മടങ്ങുകയായിരുന്നു. പിൻസീറ്റിൽ ഇരുന്ന കുട്ടി യാത്രക്കിടെ ഉറങ്ങി നിലത്ത് വീണു. നെറ്റിയിലും മുഖത്തും സാരമായ പരിക്കുകളോടെ കുട്ടിയെ ഉടൻ തന്നെ റോയപ്പേട്ടയിലെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
നെറ്റിയിൽ സാരമായ മുറിവുള്ളതിനാൽ ഉടൻ തുന്നികെട്ടണമെന്നും അല്ലാത്ത പക്ഷം കുട്ടിയുടെ ജീവന് അപകടമാണ് എന്ന് ഡോക്ടർമാർ വ്യക്തമാക്കി. ഇതിനായി സൂചിയുമായി ഡോക്ടർമാർ അണിനിരന്നതോടെ കുട്ടി പേടിച്ചു നിലവിളിക്കാൻ തുടങ്ങി. കുത്തിവയ്പ്പ് പേടിച്ച് ഡോക്ടർമാരുമായി സഹകരിക്കാൻ ശശിവരൻ വിസമ്മതിച്ചു. ഡോക്ടർമാർ എത്ര ശ്രമിച്ചിട്ടും ശശിവരൻ സമ്മതിക്കാതായതോടെ ആകെ കുഴപ്പത്തിലായി.
അതിനിടെ ആശുപത്രിയിൽ രാത്രി ഡ്യൂട്ടിയിലുണ്ടായിരുന്ന ജിന്ന എന്ന സന്നദ്ധപ്രവർത്തകൻ ശശിവരനെ സമാധാനിപ്പിക്കാൻ ശ്രമിച്ചു. എന്താണ് കൂടുതൽ ഇഷ്ടപ്പെട്ടത് എന്ന് ചോദിച്ചപ്പോൾ “എനിക്ക് നടൻ വിജയ് ഇഷ്ടമാണ്, ഞാൻ അദ്ദേഹത്തിൻറെ വലിയ ആരാധകനാണ്” എന്ന് കുട്ടി പറഞ്ഞു. ജിന്ന നടനെപ്പറ്റി കൂടുതൽ കാര്യങ്ങൾ കുട്ടിയോട് ചോദിയ്ക്കാൻ തുടങ്ങി. ഇതോടെ കുട്ടി വേദന മറന്ന് നടനെക്കുറിച്ച് സംസാരിക്കുന്നത് തുടർന്നു. കുറച്ചു കഴിഞ്ഞപ്പോൾ തന്റെ മൊബൈൽ എടുത്ത് വിജയ് സിനിമ ബിഗിൽ കാണാൻ ശശിവരന് സൗകര്യം ഒരുക്കിക്കൊടുത്തു ജിന്ന.
ഇതോടെ ഡോക്ടർമാർ അടുത്തുണ്ട് എന്ന കാര്യമൊക്കെ മറന്ന് കുട്ടി സിനിമയിൽ മുഴുകി. ഡോക്ടർമാർക്ക് ചികിത്സ തുടരുന്നത് എളുപ്പമാക്കി. സിനിമയിൽ മുഴുകി ഇരിക്കുമ്പോൾ ശശിവരന് കുത്തിവയ്പ്പ് നൽകുകയും തുടർന്ന് മുറിവുള്ള ഭാഗത്ത് തുന്നികെട്ടുകയും ചെയ്തു.