തൃശൂർ: പാലിയേക്കര ടോൾ പ്ലാസയിൽ സംഘർഷത്തിനിടയിൽ രണ്ട് സുരക്ഷാ ജീവനക്കാർക്ക് കുത്തേറ്റു.
ടിബി അക്ഷയ്, നിധിൻ ബാബു എന്നിവർക്കാണ് പരിക്കേറ്റത്.
വ്യാഴാഴ്ച രാത്രിയാണ് സംഭവം നടന്നത്. പാലിയേക്കര ടോൾ പ്ലാസയിലൂടെ വന്ന വാഹനത്തിന് ടോൾ നൽകുന്നതിനെ ചൊല്ലി തർക്കമുണ്ടായി. ഇതിനിടെ മറ്റൊരു കാറിലെത്തിയ രണ്ടംഗ സംഘമാണ് അക്രമം നടത്തിയത്. ടോൾ ബൂത്ത് തുറന്നുകൊടുക്കണമെന്ന് ഇവർ ആവശ്യപ്പെട്ടു. എന്നാൽ അത് പറ്റില്ലെന്ന് പറഞ്ഞതോടെയാണ് തർക്കമുണ്ടായതും കത്തിക്കുത്തിലേക്കും നീണ്ടതും.
കത്തിക്കുത്തുണ്ടായതിന് പിന്നാലെ ഇവർ ഓടി രക്ഷപ്പെടുകയായിരുന്നു. സംഭവത്തിൽ പുതുക്കാട് പൊലീസ് കേസെടുത്തിട്ടുണ്ട്. കുത്തേറ്റ രണ്ട് പേരുടെയും നില ഗുരുതരമല്ല. ഇവരിൽ നിന്ന് മൊഴിയെടുത്ത ശേഷം വിശദമായ അന്വേഷണത്തിനാണ് പൊലീസ് ഒരുങ്ങുന്നത്.
സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. അക്രമം നടത്തിയവരുടെ കാർ തിരിച്ചറിഞ്ഞതായി പോലീസ് പറഞ്ഞു.