തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള പാറശാല സ്വദേശിയായ 24 വയസുകാരിയിലാണ് രോഗം സ്ഥിരീകരിച്ചത്. ജൂലൈ ഏഴിന് യുവതിയുടെ പ്രസവും നടന്നിരുന്നു. സാധാരണ നിലയിലാണ് പ്രസവം നടന്നത്. ജൂണ്‍ 28നാണ് യുവതി പനി, തലവേദന, ചുവന്ന പാടുകള്‍ എന്നീ ലക്ഷണങ്ങളോടെ ആശുപത്രിയില്‍ ചികിത്സ തേടിയത്. ആശുപത്രിയിൽ നടത്തിയ പരിശോധനകളിൽ സംശയം തോന്നിയതോടെ സാമ്പിളുകൾ പൂനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അയച്ച് നൽകി. ഇവിടെ നടത്തിയ പരിശോധനയിലാണ് സ്ഥിരീകരണം ഉണ്ടായത്.
തിരുവനന്തപുരം ജില്ലയിലെ ചില പ്രദേശങ്ങളില്‍ നിന്നുമയച്ച 19 സാമ്പിളുകളില്‍ 13 പേര്‍ക്ക് സിക്ക പോസിറ്റീവാണെന്ന് സംശയമുണ്ട്. ഇക്കാര്യത്തിൽ പൂനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നടത്തിയ പരിശേധനയിൽ സ്ഥിരീകരണം ഉണ്ടായിട്ടില്ല.
ചികിത്സയിൽ കഴിയുന്ന യുവതിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് അധികൃതർ അറിയിച്ചു. തമിഴ്നാട് അതിർത്തിയിൽ താമസിക്കുന്ന യുവതി കേരളത്തിന് പുറത്തേക്ക് യാത്ര ചെയ്തിട്ടില്ല. ഒരാഴ്ച മുൻപ് യുവതിയുടെ അമ്മയ്ക്ക് സമാനമായ രോഗ ലക്ഷണങ്ങൾ കണ്ടെത്തിയിരുന്നു.
ഈഡിസ് കൊതുകുകൾ വഴി പടരുന്ന രോഗമായ സിക്ക വൈറസ് ബാധയ്ക്ക് പ്രത്യേക ചികിത്സയില്ല. ലക്ഷണങ്ങൾ അനുസരിച്ചുള്ള ചികിത്സ മാത്രമാകും നൽകുക. ഡെങ്കിപ്പനിക്കും ചിക്കുൻ ഗുനിയ്ക്കും സമാനമായ രോഗലക്ഷണങ്ങൾ തന്നെയാണ് സിക്ക വൈറസ് ബാധയ്ക്കുമുള്ളത്.