തിരുവനന്തപുരം: വോട്ടർപട്ടിക ചോർന്ന സംഭവത്തിൽ കെൽട്രോണുമായുള്ള കരാർ റദ്ദാക്കിയെന്ന് മുൻ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ. മാതൃഭൂമി ന്യൂസിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വോട്ടേഴ്സ് ലിസ്റ്റുമായി ബന്ധപ്പെട്ട ഡാറ്റ എല്ലാം കെൽട്രോൺ ആണ് സൂക്ഷിച്ചിരുന്നത്. ഇരട്ട വോട്ട് ആരോപണത്തിന്റെ പശ്ചാത്തലത്തിൽ ഇതു സംബന്ധിച്ച തിരഞ്ഞെടുപ്പ് കമ്മീഷൻ ഒരു അന്വേഷണം നടത്തി. തുടർന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദേശ പ്രകാരമാണ് കെൽട്രോണുമായുള്ള കരാർ റദ്ദാക്കിയത്. ഇരട്ട വോട്ട് സംബന്ധിച്ച ആരോപണം അടിസ്ഥാനരഹിതമാണെന്നും ടിക്കാറാം മീണ പറഞ്ഞു.
ശബരിമല വിഷയം തിരഞ്ഞെടുപ്പിൽ ഉന്നയിക്കരുതെന്ന് നിർദേശിച്ചത് മതേതരത്വം നിലനിർത്തുന്നതിനുവേണ്ടിയാണ്. മതം വ്യക്തിപരമായ കാര്യമാണ്. മതത്തെ രാഷ്ട്രീയവത്കരിക്കാനും രാഷ്ട്രീയ മുതലെടുപ്പ് നടത്താനും ശ്രമിക്കുമ്പോൾ മാതൃകാ പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണെന്നാണ് സൂചിപ്പിച്ചത്. ജനങ്ങൾ അനുഭവിക്കുന്ന അടിസ്ഥാന പ്രശ്നങ്ങൾ ഉന്നയിക്കാതെ മതത്തെ ഉപയോഗിക്കുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.
Content Highlights:Tikaram Meena says contract with Keltron has been canceled, voters list