ഇടുക്കി: വണ്ടിപ്പെരിയാറിൽ ആറ് വയസുകാരി പീഡനത്തിനിരയായി കൊലപ്പെട്ട സംഭവത്തിൽ പ്രതിയുടെ ഡി.വൈ.എഫ്.ഐ ബന്ധം ഉയർത്തിക്കാട്ടി രാഷ്ട്രീയ പ്രചാരണത്തിന് തുടക്കമിട്ട് പ്രതിപക്ഷ യുവജന സംഘടനകൾ. യൂത്ത് കോൺഗ്രസ്, യുവമോർച്ച നേതാക്കൾ കൊല്ലപ്പെട്ട പെൺകുട്ടിയുടെ വീട് സന്ദർശിച്ചു. ക്രിമിനലുകളുടെ ആരാധനാലയമായി സി.പി.എമ്മും ഡി.വൈ.എഫ്.ഐയും മാറിയെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഷാഫി പറമ്പിൽ ആരോപിച്ചു.
വണ്ടിപ്പെരിയാറിൽ ആറ് വയസുകാരിരെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ പ്രതി അർജുൻ ഡി.വൈ.എഫ്.ഐ.യുടെ സജീവ പ്രവർത്തകനായിരുന്നു. ഈ ബന്ധം ഉയർത്തിക്കാട്ടിയുള്ള രാഷ്ട്രീയ പ്രചാരണത്തിന് തുടക്കമിട്ടിരിക്കുകയാണ് യൂത്ത് കോൺഗ്രസ്. ഇതിന്റെ ഭാഗമായി ഷാഫി പറമ്പിൽ, കെ.എസ്. ശബരീനാഥൻ അടക്കമുള്ള നേതാക്കൾ കൊല്ലപ്പെട്ട പെൺകുട്ടിയുടെ വീട് സന്ദർശിച്ചു. വാളയാർ സംഭവം പോലെ വണ്ടിപ്പെരിയാർ കേസും അട്ടിമറിക്കപ്പെടുമോ എന്ന് സംശയിക്കുന്നതായി ഷാഫി പറഞ്ഞു.
കാവലാളാകുക കുട്ടികൾക്ക് എന്ന പേരിൽ അഞ്ച് ദിവസം നീണ്ടുനിൽക്കുന്ന പ്രചാരണ പരിപാടിയും വണ്ടിപ്പെരിയാറിൽ യൂത്ത് കോൺഗ്രസ് സംഘടിപ്പിക്കുന്നുണ്ട്. തിരുവനന്തപുരത്ത് യൂത്ത് കോൺഗ്രസ് സംഘടിപ്പിച്ച പന്തം കൊളുത്തി പ്രകടനം ഉമ്മൻ ചാണ്ടി ഉദ്ഘാടനം ചെയ്തു. കേസിൽ ബാലാവകാശ കമ്മീഷൻ കാര്യക്ഷമായി ഇടപെട്ടില്ലെന്നാരോപിച്ച് തിരുവനന്തപുരത്തെ കമ്മീഷൻ ഓഫീസിന് മുന്നിൽ മഹിളാ കോൺഗ്രസും പ്രതിഷേധിച്ചു.
യുവമോർച്ച സംസ്ഥാന അധ്യക്ഷൻ പ്രഭുൽ കൃഷ്ണയും ബിജെപി നേതാവ് ടി. കൃഷ്ണകുമാറും പെൺകൂട്ടിയുടെ വീട് സന്ദർശിച്ചിരുന്നു.
എന്നാൽ, മൂവാറ്റുപുഴയിൽ യൂത്ത് കോൺഗ്രസ് നേതാവ് പ്രതിയായ കേസിൽ നിന്ന് ശ്രദ്ധതിരിക്കാനുള്ള ശ്രമമാണെന്നാണ് ഡി.വൈ.എഫ്.ഐയുടെ ആരോപണം. കേസിൽ പ്രതിയായ അർജുനെ അന്ന് തന്നെ പാർട്ടി അംഗത്വത്തിൽ നിന്ന് പുറത്താക്കിയിരുന്നുവെന്നും ഡി.വൈ.എഫ്.ഐ വിശദീകരിച്ചു.
Content Highlights: Vandiperiyar rape-murder: Youth Congress protests by highlighting DYFI affiliation of the accused