കൊച്ചി > തിരുവനന്തപുരം സ്വര്ണക്കടത്ത് കേസില് മുഖ്യമന്ത്രി ഉള്പ്പടെ ഉന്നതര്ക്കെതിരെ കള്ളത്തെളിവുണ്ടാക്കാന് ശ്രമിച്ചതിന് എന്ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഉദ്യോഗസ്ഥര്ക്കെതിരെ രജിസ്റ്റര് ചെയ്ത കേസ് റദ്ദാക്കിയ സിംഗിള് ബെഞ്ച് ഉത്തരവിനെതിരെ സര്ക്കാര് അപ്പീല് ഫയല് ചെയതു. സിംഗിള് ബെഞ്ചുത്തരവ് നിയമപരമല്ലന്നും തെറ്റായ നിഗമനങ്ങളുടെ അടിസ്ഥാനത്തിലുള്ള വിധി റദ്ദാക്കണമെന്നും സര്ക്കാര് ഹര്ജിയില് ആവശ്യപ്പെട്ടു.
കേസ് രജിസ്റ്റര് ചെയ്യാനും അന്വേഷണം നടത്താനും അന്വേഷണ ഏജന്സിക്ക് നിയമപരമായ വിലക്കില്ലന്നും സിംഗിള് ബെഞ്ച് നടപടി സുപ്രീം കോടതി വിധിക്കെതിരാണെന്നും ഹര്ജിയില് ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഉദ്യോഗസ്ഥര്ക്കെതിരെ കേസെടുക്കാന് ക്രൈംബ്രാഞ്ചിനധികാരമില്ലന്ന ഇഡിയുടെ വാദം ശരിയല്ല. മൊഴി നല്കാന് ഉദ്യോഗസ്ഥര് സമ്മര്ദം ചെലുത്തുന്നുവെന്ന സ്വപ്ന സുരേഷിന്റെ ശബ്ദ സന്ദേശത്തിന്റേയും സന്ദീപ് നായര് കോടതിക്കയച്ച കത്തിന്റെയും അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റര് ചെയ്തിട്ടുള്ളത്. ശബ്ദ സന്ദേശത്തെ കുറിച്ച് അന്വേഷണം നടത്തണമെന്ന് എന്ഫോഴ്സ്മെന്റ് പൊലീസ് മേധാവിക്ക് കത്ത് നല്കിയിരുന്നുവെന്നും പ്രാഥമിക അന്വേഷണം നടത്തി കുറ്റം ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് കേസെടുത്തതെന്നും സര്ക്കാര് ബോധിച്ചു. ഹര്ജി അടുത്ത ദിവസം പരിഗണിക്കും.