ന്യൂഡൽഹി: കോവിവ് 19 വൈറസിന്റെ ലാംഡ വകഭേദം ഇന്ത്യയിൽ കണ്ടെത്തിയിട്ടില്ലെന്ന് വിദഗ്ധർ. ദേശീയ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലെഡോ. പ്രജ്ഞയാദവാണ് ഇക്കാര്യം വ്യക്തമാക്കിയത്. വാർത്താ ഏജൻസിയായ എ.എൻ.ഐയോട് സംസാരിക്കുകയായിരുന്നു അവർ.
ലാറ്റിനമേരിക്കൻ രാജ്യമായ പെറുവിൽ ആദ്യം കണ്ടെത്തിയ ഈ വകഭേദം ഇതുവരെ 30ൽ അധികം രാജ്യങ്ങളിൽ കണ്ടെത്തിയിട്ടുണ്ടെങ്കിലും ഇന്ത്യയിൽ ഈ വകഭേദത്തിന്റെസാന്നിധ്യം ഇതുവരെ ഇല്ലെന്നും അവർ പറഞ്ഞു.
വിവിധ രാജ്യങ്ങളിൽലാംഡ വകഭേദത്താൽരോഗബാധിതരാകുന്നവരുടെ എണ്ണം ദിനംപ്രതി വർധിച്ചുവരികയാണ്. വ്യാപനശേഷി കൂടിയ വകഭേദമാണ് ലാംഡ. കഴിഞ്ഞ വർഷം ഡിസംബറോടെയാണ് ലാംഡ വകഭേദത്തെ തിരിച്ചറിഞ്ഞത്.
ഇന്ത്യയിൽ കണ്ടെത്തിയ ഡൽഹി വകഭേദത്തെക്കാൾ അപകടകാരിയാണ് ലാംഡ വകഭേദമെന്ന് യുകെ ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. കഴിഞ്ഞ നാല് ആഴ്ചകളിലാണ് ഈ വൈറസിന്റെ സാന്നിധ്യം 30ൽപ്പരം രാജ്യങ്ങളിൽ വർധിച്ചതെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു. മെയ്, ജൂൺ മാസങ്ങളിൽ പെറുവിൽ റിപ്പോർട്ട് ചെയ്ത മൊത്തം കേസുകളിൽ 82 ശതമാനത്തിൽ അധികവും ഈ വകഭേദത്തിൽ നിന്നുള്ളതാണ്. യുകെയിലെ പബ്ലിക് ഹെൽത്ത് ഇംഗ്ലണ്ട് റിപ്പോർട്ട് അനുസരിച്ച് രാജ്യത്ത് ലാംഡ വകഭേദത്തിന്റെ സാന്നിധ്യം കണ്ടെത്തിയെന്നും ഇതിന് വ്യാപന തോത് വളരെ കൂടുതലാണെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.