ശിവഗിരി: ശ്രീനാരായണ ധർമം ജീവിതവ്രതമാക്കിയ ഋഷിവര്യനും ഗുരുദേവന്റെ സന്ന്യാസി ശിഷ്യപരമ്പരയിലെ പ്രമുഖനുമായിരുന്നു സ്വാമി പ്രകാശാനന്ദ. ലോകമെമ്പാടുമുള്ള ഗുരുദേവ വിശ്വാസികളുടെ ആത്മീയ ഗുരുനാഥനായിരുന്നു സ്വാമി. മൂന്നു തവണ ശിവഗിരി ശ്രീനാരായണ ധർമസംഘം ട്രസ്റ്റിന്റെ അധ്യക്ഷപദവി അലങ്കരിച്ചിട്ടുണ്ട് അദ്ദേഹം. 1995, 2006, 2011 വർഷങ്ങളിലാണ് അദ്ദേഹം ധർമസംഘം ട്രസ്റ്റ് പ്രസിഡന്റായത്. 1970 മുതൽ 1979 വരെ ധർമസംഘം ജനറൽ സെക്രട്ടറിയായും പ്രവർത്തിച്ചു. ലളിതമായ ജീവിതശൈലി, വിട്ടുവീഴ്ചയില്ലാത്ത ഗുരുഭക്തി, പ്രാർഥനാപൂർവമായ കർമനിർവഹണം, ധർമനിഷ്ഠ, നിശ്ചയദാർഢ്യം എന്നിവയാണ് സ്വാമിയുടെ ജീവിതത്തെ ധന്യമാക്കിത്തീർത്തത്.
സ്വാമി പ്രകാശാനന്ദ പ്രധാന മന്ത്രി നരേന്ദ്ര മോദിക്കൊപ്പം | ഫോട്ടോ: മാതൃഭൂമി
1923-ൽ കൊല്ലം ജില്ലയിലെ പിറവന്തൂരിലെ എലിക്കാട്ടൂർ കളത്താരടി തറവാട്ടിൽ രാമൻ- വെളുമ്പി ദമ്പതിമാരുടെ മകനായാണ് ജനിച്ചത്. കുമാരൻ എന്നായിരുന്നു പൂർവാശ്രമത്തിലെ പേര്. 23-ാം വയസിലാണ് ശിവഗിരിയിലെത്തിയത്. 1958-ൽ 35-ാം വയസിൽ ശങ്കരാനന്ദ സ്വാമിയിൽനിന്നുസന്ന്യാസദീക്ഷ സ്വീകരിച്ചാണ് പ്രകാശാനന്ദയായത്. അരുവിപ്പുറത്തും കുന്നുംപാറയിലുമുള്ള മഠങ്ങളിൽ വളരെക്കാലം സേവനം ചെയ്തിട്ടുണ്ട്. 1970 മുതൽ ധർമസംഘം ജനറൽ സെക്രട്ടറിയായി പ്രവർത്തിച്ചു. 1975-ൽ ശിവഗിരി ബ്രഹ്മവിദ്യാലയത്തിന്റെ പ്രവർത്തനം ആരംഭിച്ചത് സ്വാമിയുടെ കാലയളവിലാണ്.
1983 ഡിസംബർ അഞ്ചു മുതൽ സ്വാമി മൗനവ്രതത്തിലായി. എട്ടു വർഷവും ഒമ്പത് മാസവും ഒരേപോലെ മൗനവ്രതം തുടർന്നു. ശിവഗിരി ആന്തരിക പ്രശ്നങ്ങളുടെയും സംഘർഷത്തിന്റെയും നാളുകളിലൂടെ കടന്നുപോയപ്പോൾ ഗുരുദർശനം ഉയർത്തിപ്പിടിച്ച് സമരരംഗത്തും സ്വാമിയുണ്ടായിരുന്നു. ശിവഗിരി ഭരണം സർക്കാർ ഏറ്റെടുത്തതിനെത്തുടർന്ന് സെക്രട്ടേറിയറ്റിന് മുന്നിൽ സ്വാമി അനുഷ്ഠിച്ച നിരാഹാരം ഏവരുടെയും ശ്രദ്ധയാകർഷിച്ചിരുന്നു. സെക്രട്ടേറിയറ്റിന് മുന്നിലും ആശുപത്രിയിലുമായി 29 ദിവസമാണ് നിരാഹാരം തുടർന്നത്. ഗുരുഭക്തരിലും സംസ്ഥാനത്തെ ജനാധിപത്യവിശ്വാസികളിലും ആശങ്കയുണ്ടാക്കിയ സമരമായിരുന്നു സ്വാമിയുടേത്.
സ്വാമി പ്രകാശാനന്ദ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് ഒപ്പം|ഫോട്ടോ: മാതൃഭൂമി
1995 ഒക്ടോബറിലാണ് സ്വാമി പ്രകാശാനന്ദ ആദ്യമായി ധർമസംഘം ട്രസ്റ്റ് അധ്യക്ഷ പദവിയിലെത്തിയത്. തുടർന്ന് 2006 മുതൽ 10 വർഷക്കാലവും ഗുരുദേവന്റെ സന്ന്യാസശിഷ്യ പരമ്പരയെ നയിക്കാനുള്ള നിയോഗം അദ്ദേഹത്തിന് ലഭിച്ചു. ധർമപ്രചരണത്തിനൊപ്പം ശിവഗിരിയുടെ വികസനത്തിനും സ്വാമിയുടെ നേതൃശേഷി വിനിയോഗിച്ചു. ശിവഗിരിയുടെ സ്വത്തുകൾ അന്യാധീനപ്പെടാതിരിക്കാനും അദ്ദേഹം പ്രത്യേക ശ്രദ്ധപുലർത്തി.
സ്വാമി പ്രകാശാനന്ദ മുഖ്യമന്ത്രി പിണറായി വിജയനൊപ്പം | ഫോട്ടോ: മാതൃഭൂമി
നവതി പിന്നിട്ടിട്ടും ഗുരുദർശനത്തിന്റെ മഹാപ്രകാശം പരത്തുന്ന പ്രവർത്തനങ്ങളിൽ വ്യാപൃതനായിരുന്നു. അധ്യക്ഷസ്ഥാനമൊഴിഞ്ഞ ശേഷവും ശിവഗിരി തീർഥാടനങ്ങളിലും ഗുരുവുമായി ബന്ധപ്പെട്ട എല്ലാ പരിപാടികളിലും സ്വാമി സജീവസാന്നിധ്യമായിരുന്നു. ആത്മീയരംഗത്ത് കേരളത്തിലെ ഏറ്റവും ആദരിക്കപ്പെട്ട വ്യക്തിത്വം കൂടിയാണ് സ്വാമി പ്രകാശാനന്ദയുടേത്. ഗുരുധർമമാണ് ജീവിതധർമമെന്ന് തിരിച്ചറിഞ്ഞ് സ്വജീവിതത്തെ അതിനായി സമർപ്പിക്കുകയാണ് അദ്ദേഹം ചെയ്തത്.
Content Highlights: Sivagiri Mutt former head Swami Prakashananda dies