കോഴിക്കോട്: പല കാരണങ്ങൾകൊണ്ട് പ്രവൃത്തി തടസ്സപ്പെട്ടു പോയ വെങ്ങളം-രാമനാട്ടുകര ബൈപ്പാസ് നിർമാണം ആഗസ്തിൽ ആരംഭിക്കുമെന്ന് എം.കെ രാഘവൻ എം.പി. പദ്ധതി ഏറ്റെടുത്ത മുംബൈ ആസ്ഥാനമായ വെൽപ്സൺ എൻർപ്രൈസസ് കമ്പനി അധികൃതർ കോഴിക്കോട് കേന്ദ്രീകരിച്ച് ക്യാമ്പ് ആരംഭിച്ചു കഴിഞ്ഞിട്ടുണ്ട്. നിർമാണം ആഗസ്തിൽ ആരംഭിച്ച് 2023 ആഗസ്തിൽ പൂർത്തികരിക്കാനാണ് ലക്ഷ്യമിടുന്നത്.
ജൂലൈ മാസം തന്നെ മണ്ണ് പരിശോധന, യൂട്ടിലിറ്റി ഷിഫ്റ്റിംഗ് തുടങ്ങിയവയ്ക്ക് വേണ്ടിയുള്ള പ്രവർത്തനം ആരംഭിക്കും. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഏറ്റെടുത്ത പ്രവൃത്തികളെല്ലാം പറഞ്ഞ സമയത്തിന് മുന്നെ പൂർത്തീകരിച്ച അനുഭവ പരിചയവുമായാണ് കമ്പനി വെങ്ങളം ബൈപ്പാസ് പ്രവൃത്തി ഏറ്റെടുത്തിരിക്കുന്നതന്ന് എം.പിയുടെ ഓഫീസ് അറിയിച്ചു.
കോഴിക്കോട് നഗരത്തെ കടന്ന് പോവുന്ന ബൈപ്പാസിന്
ഏഴ് അണ്ടർ പാസുകളും, നാല് അടിപ്പാടതകളും, രണ്ട് ഓവർ പാസുകളും, ഒരു ഫൂട്ട് ഓവർ ബ്രിഡ്ജുകളും, ഏഴ് ഫ്ളൈ ഓവറുകളും ഉൾപ്പെട്ടതാണ്. ഇതുമായി ബന്ധപ്പെട്ട് പ്രവൃത്തി ഏറ്റെടുത്ത വെൽപ്സൺ എന്റർപ്രൈസസസ് കമ്പനിയുടെ ഹൈവേ വിഭാഗം അധികൃതരുമായി നിർമാണ പ്രവർത്തനങ്ങൾ സംബന്ധിച്ച് ചർച്ച നടത്തിയതായി എം.പി അറിയിച്ചു. ഹൈവേ വിഭാഗം സി.ഇ.ഒ അസീം ചക്രവർത്തി, കമ്പനിയുടെ കോഴിക്കോട് ബൈപ്പാസ് പ്രോജക്ട് മാനേജർ കിഷോർ കുമാർ ഗഡ്ഡ എന്നിവരുമായാണ് ചർച്ച നടത്തിയത്.