കോട്ടയം
സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ ഒരിടത്തും കെ എം മാണിയുടെ പേരില്ലെന്നും മാധ്യമങ്ങൾ വളച്ചൊടിക്കുകയാണെന്നും കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി വാർത്താസമ്മേളനത്തിൽ പറഞ്ഞു. ‘കുറ്റക്കാരനെന്നും പറഞ്ഞിട്ടില്ല. വിശദാംശങ്ങൾ ഞങ്ങൾ മനസ്സിലാക്കി. മാധ്യമങ്ങളിൽ തെറ്റായ വാർത്തകളാണ് വന്നത്. എന്തിനാണ് അങ്ങനെ ചെയ്തത്. കെ എം മാണിയുടെ പേരിൽ രാഷ്ട്രീയ മുതലെടുപ്പ് നടത്താനും തെറ്റിധാരണ പരത്താനുമുള്ള നീക്കം വിലപ്പോവില്ല.
ചില മാധ്യമങ്ങൾ ഈ ലക്ഷ്യത്തിൽ വിവാദം ഉണ്ടാക്കി. യുഡിഎഫ് നേതാക്കൾ പുകമറ സൃഷ്ടിച്ച് വീണ്ടും വേട്ടയാടുകയാണ്. ആക്രമിക്കുകയാണ്’–- ജോസ് കെ മാണി പറഞ്ഞു. എൽഡിഎഫ്, യുഡിഎഫ് സർക്കാരുകളുടെ അന്വേഷണത്തിലും കെ എം മാണി തെറ്റുകാരനല്ലെന്ന് കണ്ടെത്തി. ഹൈക്കോടതിയും ശരിവച്ചു. എൽഡിഎഫ് കൺവീനർ എ വിജയരാഘവൻ കാര്യങ്ങൾ വ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. അനാവശ്യ വിവാദങ്ങളിൽ ദുഃഖമുണ്ടെന്നും ചെയർമാൻ പറഞ്ഞതിനപ്പുറം ഒന്നും പറയാനില്ലെന്നും മന്ത്രി റോഷി അഗസ്റ്റ്യനും പറഞ്ഞു.