തിരുവനന്തപുരം> പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ രണ്ടാം പ്രതിയും യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറിയുമായ ഷാൻ മുഹമ്മദിനെ സംരക്ഷിക്കുകയും വക്കാലത്ത് ഏറ്റെടുക്കുകയും ചെയ്ത മാത്യു കുഴൽനാടൻ എംഎൽഎയുടെ നടപടി കേരളത്തിന് അപമാനമാണെന്ന് ഡിവൈഎഫ്ഐ പ്രസ്താവനയിൽ പറഞ്ഞു. ഇരയെ അപമാനിക്കുകയും വേട്ടക്കാരെ സംരക്ഷിക്കുകയും ചെയ്യുന്ന മാത്യു കുഴൽനാടനെ ഡിവൈഎഫ്ഐ പ്രതീകാത്മക ജനകീയ വിചാരണ നടത്തും. ബുധനാഴ്ച രാവിലെ 10ന് മൂവാറ്റുപുഴയിൽ ജനകീയ വിചാരണ സംസ്ഥാന സെക്രട്ടറി എ എ റഹിം ഉദ്ഘാടനംചെയ്യും.
മുൻകൂർ ജാമ്യാപേക്ഷ തള്ളിയതോടെ പ്രതിയെ രക്ഷിച്ചെടുക്കാനുള്ള മാത്യു കുഴൽനാടന്റെ ശ്രമങ്ങൾ പരാജയപ്പെട്ടു. ഈ വിധിയിലൂടെ കുഴൽനാടനും കൂട്ടരും കെട്ടിപ്പൊക്കിയ നുണക്കഥകൾ പൊളിഞ്ഞുവീണു. നീതിപീഠത്തെയും ജനാധിപത്യത്തെയും വെല്ലുവിളിക്കുന്ന നിലപാട് ജനപ്രതിനിധിക്ക് ചേരുന്നതല്ല. പോക്സോ കേസിൽ ഷാൻ മുഹമ്മദിനെ പ്രതി ചേർത്തത് രാഷ്ട്രീയ പ്രേരിതമെന്നാണ് എംഎൽഎയും യൂത്ത് കോൺഗ്രസും അവകാശപ്പെട്ടത്.
പ്രതിയെ പരസ്യമായി ന്യായീകരിക്കുകയും സാമൂഹ്യമാധ്യമങ്ങളിൽ പ്രതിക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കുകയുമാണ് എംഎൽഎ. ഷാൻ മുഹമ്മദിനെ യൂത്ത് കോൺഗ്രസ് ഇതുവരെ പുറത്താക്കിയിട്ടില്ല. നീതിപീഠത്തോട് ആദരവുണ്ടെങ്കിൽ ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ച പ്രതിയെ നിയമത്തിന് മുന്നിൽ ഹാജരാക്കണമെന്നും ഡിവൈഎഫ്ഐ ആവശ്യപ്പെട്ടു.