കോട്ടയം: സുപ്രീം കോടതിയിൽ സംസ്ഥാന സർക്കാർ നൽകിയ സത്യവാങ്മൂലത്തിൽ കെ.എം. മാണിയുടെ പേരോ അദ്ദേഹം അഴിമതിക്കാരനായിരുന്നെന്നോ ഉള്ള പരാമർശം ഇല്ലായിരുന്നെന്ന് ജോസ് കെ മാണി. കോട്ടയത്ത് കേരളാ കോൺഗ്രസ് സ്റ്റിയറിങ് കമ്മിറ്റി യോഗത്തിനു ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
മാണിക്കെതിരെ ഇത്തരത്തിൽ പരാമർശം വന്നുവെന്നത് മാധ്യമസൃഷ്ടിയാണെന്നും അദ്ദേഹം പറഞ്ഞു. മാണിയുടെ പേരിൽ രാഷ്ട്രീയ മുതലെടുപ്പ് നടത്താനുള്ള ശ്രമം വിലപ്പോവില്ലെന്നും ജോസ് കെ. മാണി കൂട്ടിച്ചേർത്തു.
സുപ്രീം കോടതിയിൽ നടന്ന വാദത്തിനിടയിലെ പരാമർശവുമായി ബന്ധപ്പെട്ട് എൽ.ഡി.എഫ്. കൺവീനർ വിശദാംശങ്ങൾ നൽകി. സർക്കാർ നൽകിയ സത്യവാങ്മൂലത്തിൽ മാണിയുടെ പേരോ അദ്ദേഹം കുറ്റക്കാരനാണെന്ന പരാമർശമോ ഇല്ല. അങ്ങനെ ഒരു പരാമർശവുമില്ല. തങ്ങൾ പരിശോധിച്ചപ്പോഴും അത്തരത്തിൽ പരാമർശമോ പേരോ ഇല്ലെന്നും ജോസ് കെ മാണി പറഞ്ഞു.
യു.ഡി.എഫിന്റെ ഭരണകാലത്തും എൽ.ഡി.എഫിന്റെ ഭരണകാലത്തും ബാർകോഴ കേസിൽ അന്വേഷണം നടത്തുകയും അതിൽ മാണി കുറ്റക്കാരനല്ലെന്ന് കണ്ടെത്തുകയും ചെയ്തതായും ജോസ് പറഞ്ഞു. രണ്ട് പ്രാവശ്യം വിജിലൻസ് അന്വേഷിച്ചു. വിജിലൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ യു.ഡി.എഫും എൽ.ഡി.എഫും മാണി കുറ്റക്കാരനല്ലെന്ന് പറഞ്ഞു. അത് ഹൈക്കോടതി ശരിവെക്കുകയും ചെയ്തെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
content highlights: jose k mani on remark against km mani at sc