തിരുവനന്തപുരം> ജീവിതം മുഴുവന് സമൂഹത്തിന്റെ താഴെ തട്ടിലുള്ള പാര്ശ്വവല്ക്കരിക്കപ്പെട്ട ജനങ്ങളുടെ അവകാശങ്ങള്ക്കുവേണ്ടി പോരാടിയ ജസ്യൂട്ട് വൈദികന് സ്റ്റാന് സ്വാമി ദേശീയ അന്വേഷണ ഏജന്സിയുടെ കസ്റ്റഡിയിലിരിക്കെ മരണപ്പെട്ടതില് പ്രതിഷേധിച്ച് ഡിവൈഎഫ്ഐ നാളെ സംസ്ഥാനവ്യാപകമായി മേഖലാകേന്ദ്രങ്ങളില് പ്രതിഷേധ ജ്വാല സംഘടിപ്പിക്കും.സ്റ്റാന് സ്വാമിയുടെ മരണം ആരോഗ്യം വഷളായതുകൊണ്ടുമാത്രം സംഭവിച്ചതല്ല. ഫാ. സ്റ്റാന് സ്വാമിയെ ബിജെപി സര്ക്കാര് കൊന്നതാണ്.
മനുഷ്യത്വവും കാരുണ്യവും വറ്റിപ്പോയ ഭരണകൂടം നടത്തിയ കസ്റ്റഡി കൊലപാതകമാണിത്. രാജ്യം സ്വേച്ഛാധിപത്യത്തിലേക്ക് നീങ്ങുകയാണ് എന്നതിന്റെ സൂചനയാണിത്. ഭീമ കൊറേഗാവ് കേസില് യുഎപിഎ ചുമത്തി അറസ്റ്റുചെയ്ത് ഒരു വര്ഷമാകാറായിട്ടും ഒരു തെളിവും ഹാജരാക്കാന് എന്ഐഎയ്ക്ക് സാധിച്ചിട്ടില്ല. മോഡി സര്ക്കാരിന് കീഴില് ഭീകരമായ അടിച്ചമര്ത്തലും മനുഷ്യാവകാശ ധ്വംസനവും വ്യാപകമാകുകയാണ്.
തടവറയ്ക്കുള്ളില് നരകിക്കുന്ന പൊതുപ്രവര്ത്തകര് നിരവധിയാണ്. ഭരണകൂട ഭീകരതയുടെ പൊള്ളുന്ന നേരനുഭവമാണിത്. രാജ്യത്തെ സ്വേച്ഛാധിപത്യത്തിന്റെ ആഴക്കയങ്ങളിലേക്ക് നയിക്കുന്ന ബിജെപി സര്ക്കാരിനെതിരെ പ്രതിഷേധമുയരണം.
എങ്കില് മാത്രമെ ഇന്ത്യന് ജനാധിപത്യത്തിന് നിലനില്പ്പുണ്ടാകൂ. മോഡി സര്ക്കാരിന്റെ നീചമായ മനുഷ്യത്വമില്ലായ്മയുടെ ഇരയാണ് ഫാ. സ്റ്റാന് സ്വാമി. ജീവിക്കുവാനുള്ള അവകാശംപോലും പൂര്ണമായും നിഷേധിക്കപ്പെട്ടു. അദ്ദേഹത്തിന്റെ വിയോഗത്തില് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റ് ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.