തിരുവനന്തപുരം: കോട്ടൂർ കാപ്പുകാട് ആന പുനരധിവാസ കേന്ദ്രത്തിൽ വൈറസ് ബാധയേത്തുടർന്ന് വീണ്ടും ആനക്കുട്ടി ചരിഞ്ഞു.അർജ്ജുൻ എന്ന കുട്ടിയാനയാണ് ഹെർപ്പിസ്ബാധയേത്തുടർന്ന് ചരിഞ്ഞത്. ആന പുനരധിവാസ കേന്ദ്രത്തിൽ അടുത്തിടെ ചരിയുന്ന രണ്ടാമത്തെ ആനക്കുട്ടിയാണ് അർജ്ജുൻ. നേരത്തെ കഴിഞ്ഞയാഴ്ച ശ്രീക്കുട്ടി എന്ന കുട്ടിയാന ചരിഞ്ഞിരുന്നു.
അർജ്ജുൻ എന്ന ആറ് വയസുള്ള കുട്ടിയാനയാണ് ചരിഞ്ഞത്.ഹെർപ്പിസ് വൈറസ് ബാധിച്ച് ചികിത്സയിലായിരുന്നു അർജുൻ. കോട്ടൂർ ആന പുനരധിവാസ കേന്ദ്രത്തിലെ മറ്റ് രണ്ട് കുട്ടിയാനകൾകൂടി വൈറസ് ബാധിച്ച് ഗുരുതരാവസ്ഥയിയാണ്. കണ്ണൻ, ആമിന എന്നീ കുട്ടിയാനകളാണ് ചികിത്സയിൽ തുടരുന്നത്.
ആന പുനരധിവാസ കേന്ദ്രത്തിൽ കുട്ടിയാനകൾ തുടർച്ചയായി ചരിയുന്ന സാഹചര്യത്തിൽനടപടിക്ക്വനംവകുപ്പ് അടിയന്തര നിർദേശം നൽകിയിട്ടുണ്ട്. ഡോക്ടർമാരുടെ പ്രത്യേക സംഘം രൂപീകരിച്ചുകൊണ്ട് ഹെർപ്പിസ് വൈറസ് ബാധയെ ചെറുക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്. മറ്റ് ആനകളിലേക്ക് വൈറസ് ബാധ പടരുന്നത് തടയുന്നതിനും നടപടികൾ സ്വീകരിച്ചിട്ടുണ്ട്.
കോട്ടൂർ ആന പുനരധിവാസ കേന്ദ്രത്തിൽ സഞ്ചാരികളെ ആകർഷിച്ചിരുന്ന കുട്ടിയാന സംഘത്തിലെ ഒന്നരവയസ്സുകാരി ശ്രീക്കുട്ടി കഴിഞ്ഞ തിങ്കളാഴ്ചയാണ് ചരിഞ്ഞത്. ആര്യങ്കാവ് അമ്പനാട് നിന്നും ഒരു മാസം പ്രായമുള്ളപ്പോഴാണ് ആനയെ വനംവകുപ്പിന് ലഭിച്ചത്. നടക്കാൻ ബുദ്ധിമുട്ട് ഉണ്ടായിരുന്ന ആനയ്ക്ക് ശ്രീക്കുട്ടി എന്ന പേരും നൽകിയാണ് കോട്ടൂരിൽ കൊണ്ടുവന്നത്.
Content Highlights: Elephant calf died again at the Elephant Rehabilitation Centre in Kappukadu