ബേപ്പൂർ > മണ്ണിനെയും മനുഷ്യനേയും ഭൂമിയിലെ സർവ്വ ചരാചരങ്ങളേയും പ്രണയിച്ച് ,അവരെ ഭൂമിയുടെ അവകാശികളായി വാഴ്ത്തിയ വിശ്വസാഹിത്യകാരന്റെ ഓർമ്മ പുതുക്കി വൈലാലിൽ വീട്. ബേപ്പൂർ സുൽത്താൻ വൈക്കം മഹുമ്മദ് ബഷീറിന്റെ 27-ാം ചരമവാർഷിക ദിനമായ തിങ്കളാഴ്ച ബഷീറിന്റെ ‘സവിധ’മായ ബേപ്പൂരിലെ വൈലാലിൽവീട്ടിൽ ഒത്തുചേർന്നായിരുന്നു സ്മരണാഞ്ജലി.
രാവിലെ മന്ത്രി പി എ മുഹമ്മദ് റിയാസിൻ്റെ നേതൃത്വത്തിലുള്ള “നമ്മൾ ബേപ്പൂർ” പ്രത്യേക പദ്ധതിയുടെ കീഴിലായിരുന്നു ബഷീർ സ്മൃതിയുടെ തുടക്കം. ഓൺലൈനിൽ നടന്ന പരിപാടി മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. മേയർ ഡോ. ബീന ഫിലിപ്പ് അധ്യക്ഷയായി. കവി സച്ചിദാന്ദൻ മുഖ്യപ്രഭാഷണവും എഴുത്തുകാരൻ പ്രൊഫ. എം എൻ കാരശ്ശേരി അനസ്മരണ പ്രഭാഷണവും നടത്തി. നടൻ മമ്മൂട്ടി മതിലുകൾ എന്ന നോവലിലേയും നടി മഞ്ജുവാര്യർ ബാല്യകാല സഖിയിലേയും ഭാഗങ്ങൾ വായിച്ചു.ബഷീറിന്റെ മക്കളായ ഷാഹിനയും അനീസും ഓർമ്മകൾ പങ്കിട്ടു .കെ ജെ തോമസ് സ്വാഗതവും കെ ആർ പ്രമോദ് നന്ദിയും പറഞ്ഞു. തുടർന്ന് ബഷീർ കുടുംബം പതിവായി വൈലാലിൽ സംഘടിപ്പിക്കുന്ന ബഷീർ ദിനവും മന്ത്രി ഉദ്ഘാടനം ചെയ്തു. മിസോറാം ഗവർണർ പി എസ് ശ്രീധരൻ പിള്ള ദീപം തെളിയിച്ചു. മേയർ ഡോ. ബീന ഫിലിപ്പ് അധ്യക്ഷയായി. എംപിമാരായ എം കെ രാഘവൻ എം വി ശ്രേയാംസ് കുമാർ എന്നിവർ സംസാരിച്ചു. മകൾ ഷാഹിന ബഷീർ , മരുമകൾ മഞ്ജു അനീസ് എന്നിവർ ഉപഹാരങ്ങൾ നൽകി. പേരമക്കളായ വസീം മുഹമ്മദ് ബഷീർ സ്വാഗതവും നസീം മുഹമ്മദ് ബഷീർ നന്ദിയും പറഞ്ഞു.
ബഷീർ സ്മാരകം അടുത്ത ഓർമ്മദിനത്തിനകം: മന്ത്രി
ബേപ്പൂർ > മനുഷ്യനന്മയുടെ പക്ഷത്ത് എന്നും ഉറച്ച് നിന്ന വിശ്വസാഹിത്യകാരനായ ബഷീറിനൊരു സ്മാരകം എല്ലാവരുടെയും ആഗ്രഹമാണെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന ലിറ്റററി ടൂറിസം സർക്യൂട്ടിന്റെ പ്രഭവസ്ഥലമെന്ന നിലയിൽ ബേപ്പൂരിൽ സ്മാരക കേന്ദ്രം സ്ഥാപിക്കും. അടുത്ത ഓർമ്മ ദിനത്തിൽ സാധ്യമാക്കുന്ന വിധത്തിലുള്ള നീക്കങ്ങൾ സർക്കാർ നടത്തുമെന്നും മന്ത്രി പറഞ്ഞു.