കോഴിക്കോട് > കരിപ്പൂർ സ്വർണക്കടത്ത് കേസിൽ അന്വേഷണം നാലാം സംഘത്തിലേക്ക്. കണ്ണൂർ സംഘം പൊട്ടിക്കുന്ന സ്വർണം തട്ടിയെടുക്കാൻ കൊടുവള്ളിയിൽ നിന്നെത്തിയ രണ്ടാമത്തെ ക്വട്ടേഷൻ സംഘാംഗത്തെ താമരശേരിയിൽ നിന്ന് അറസ്റ്റ് ചെയ്തു. താമരശേരി സ്വദേശി വാപ്പു എന്ന അബ്ദുൾ നിസാറി (36) നെയാണ് കൊണ്ടോട്ടി ഡിവൈഎസ്പി കെ അഷറഫിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. താമരശേരി ടൗണിൽ നിന്നാണ് ഇയാളെ പിടികൂടിയത്. ഈ സംഘത്തിൽ നിന്ന് ആദ്യമായാണ് ഒരാൾ പിടിയിലാകുന്നത്.
കൊടുവള്ളിയിൽ നിന്നുള്ള സംഘത്തിനു വേണ്ടി സ്വർണം തട്ടിയെടുക്കാനും കണ്ണൂർ സംഘത്തിലുള്ളവരെ ആക്രമിക്കാനും വേണ്ടിയാണ് അബ്ദുൾ നിസാറടക്കമുള്ള സംഘം കരിപ്പൂരിലെത്തിയത്. സംഘത്തലവനുമായടക്കം ഈ സമയത്ത് ഇയാൾ ഫോണിൽ സംസാരിച്ചിരുന്നു. ഫോൺവിളിയുടെ രേഖകളുൾപ്പെടെയുള്ള തെളിവുകൾ ശേഖരിച്ച ശേഷമാണ് അന്വേഷണസംഘം ഇയാളിലേക്ക് നീങ്ങിയത്. കൊടുവള്ളിയിൽ നിന്നുള്ള മറ്റൊരു സംഘത്തെ കഴിഞ്ഞ ദിവസം പിടികൂടിയിരുന്നു. ഇവരുമായി നേരിട്ട് ബന്ധമില്ലാത്ത ക്വട്ടേഷൻ സംഘത്തിലായിരുന്നു അബ്ദുൾ നിസാറും ഉൾപ്പെട്ടത്. തെളിവുകൾ മുൻനിർത്തിയുള്ള ചോദ്യംചെയ്യലിൽ ഇയാൾ കുറ്റം സമ്മതിച്ചു. സംഘത്തിലുണ്ടായിരുന്ന മറ്റുള്ളവരെക്കുറിച്ചും ആരുടെ നേതൃത്വത്തിലാണ് എത്തിയതെന്നും എത്രപേരുണ്ടായിരുന്നു തുടങ്ങിയ കാര്യങ്ങളെല്ലാം അന്വേഷണ സംഘത്തിന് ഇയാൾ മൊഴി നൽകിയിട്ടുണ്ട്.
പ്രത്യേകാന്വേഷണ സംഘാംഗങ്ങളായ വി കെ സുരേഷ്, രാജീവ് ബാബു, ഒ മോഹൻദാസ്, സത്യൻ മനാട്ട്, ശശി കുണ്ടറക്കാട്, ഫാദിൽ, അസീസ്, ഷഫീർ, സഞ്ജീവ്, ഉണ്ണികൃഷ്ണൻ മാരാത്ത് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.