നിയമസഭാ കയ്യാങ്കളി കേസുമായി ബന്ധപ്പെട്ട കേസിൽ കെ എം മാണി അഴിമതിക്കാരനായിരുന്നുവെന്ന് സംസ്ഥാന സർക്കാർ സുപ്രീം കോടതിയെ അറിയിച്ചുവെന്ന വാർത്തകൾ പുറത്തുവന്നതിന് പിന്നാലെയാണ് പ്രതികരണവുമായി ജോർജ് രംഗത്തുവന്നത്. അഴിമതി നടത്തിയ മന്ത്രിക്കെതിരെയാണ് നിയമസഭയിൽ പ്രതിഷേധിച്ചത്. അന്നത്തെ ധനമന്ത്രിക്കെതിരെയുള്ള പ്രതിഷേധമാണ് അന്നുണ്ടായത്. പ്രതിഷേധിക്കാൻ അംഗങ്ങൾക്ക് അവകാശമുണ്ടെന്നും സർക്കാർ സുപ്രീംകോടതിയിൽ വ്യക്തമാക്കിയിരുന്നു.
കെ എം മാണി അഴിമതിക്കാരനാണെന്നാണ് ഇടതുമുന്നണിയുടെ എക്കാലത്തെയും നിലപാട്. ഇത്തരം നിലപാട് സ്വീകരിച്ച പാർട്ടിക്കൊപ്പം പോയത് തന്നെ ജോസ് കെ മാണിക്ക് അപമാനമാണ്. ഇടത് മുന്നണിക്ക് നൽകുന്ന പിന്തുണ പിൻവലിക്കുകയാണ് ചെയ്യേണ്ടത്. അതിന് സാധിക്കുന്നില്ലെങ്കിൽ കെ എം മാണിയോട് സ്നേഹമുള്ള പ്രവർത്തകരെങ്കിലും ഇടതുപക്ഷത്തിനുള്ള പിന്തുണ പിൻവലിക്കാൻ തയ്യാറാകണം. അല്ലാത്ത പക്ഷം കെ എം മാണി അഴിമതിക്കാരനാണെന്ന് ജോ കെ മാണി തന്നെ സമ്മതിക്കുന്നതിന് തുല്യമായ അവസ്ഥയാകുമെന്നും പി സി ജോർജ് പരിഹസിച്ചു.
നിയമസഭ കയ്യാങ്കളിൽ കേസ് പിൻവലിക്കാൻ കഴിയില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. നിയമസഭയിൽ എം എൽ എമാർ സ്വീകരിച്ച പെരുമാറ്റം മാപ്പർഹിക്കാത്തതാണ്. സംസ്ഥാന ബജറ്റ് തടയാൻ ശ്രമിച്ചത് എന്തു സന്ദേശമാണ് ജനങ്ങൾക്ക് നൽകുന്നതെന്നും കോടതി ചോദിച്ചു.
കേരളാ നിയമസഭയിൽ നടന്നത് പോലെ പാർലമെന്റിലും നടക്കുന്നുണ്ട്. ഇത്തരം നടപടിയോട് യോജിക്കാൻ കഴിയില്ലെന്നും ഇതിലൊരു തീരുമാനമെടുക്കേണ്ടതുണ്ടെന്നും കോടതി അറിയിച്ചു. മൈക്ക് വലിച്ചൂരി തറയിലെറിഞ്ഞ എം എൽ എ വിചാരണ നേരിടണമെന്നും ജസ്റ്റീസ് ഡി വൈ ചന്ദ്രചൂഡ് വ്യക്തമാക്കി.