ഫിലിപൈൻസ് സ്വദേശിയായ റസ്സൽ മനോസ എന്ന് പേരുള്ള വ്യക്തിക്ക് കമ്പനി ശമ്പളം നൽകിയത് നാണയ തുട്ടുകളായാണ്. പ്ലാസ്റ്റിക് റീസൈക്ലിംഗ് കൈകാര്യം ചെയ്യുന്ന നെക്സ് ഗ്രീൻ എന്റർപ്രൈസ് ഫാക്ടറിയാണ് രണ്ട് ദിവസത്തെ ശമ്പളം രണ്ട് വലിയ പ്ലാസ്റ്റിക് ബാഗിൽ നാണയ തട്ടുകളായി നൽകിയത്. ചെറുതും വലുതുമായ ഡസൻ കണക്കിന് പ്ലാസ്റ്റിക് കവറുകളാണ് രണ്ട് ബാഗുകളിൽ ക്രമീകരിച്ച വിധം റസ്സൽ മനോസയ്ക്ക് ലഭിച്ചത്. കസിന്റെ സഹായത്തോടെ കയ്യോടെ ചിത്രങ്ങൾ മനോസ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തു.
ഫെയ്‌സ്ബുക്ക് പോസ്റ്റ് വൈറലായതോടെ ഇക്കാര്യം വലൻസുവേല സിറ്റിയിലെ മേയർ റെക്സ് ഗച്ചാലിയന്റെ ശ്രദ്ധയിലും പെട്ടു. മനോസയെ ചെന്ന് കണ്ട മേയർ കാര്യങ്ങൾ ചോദിച്ചറിഞ്ഞു. ഏതെങ്കിലും ഒരു ബാങ്കിൽ ചെന്ന് നാണയങ്ങൾ മാറ്റാൻ ഫാക്ടറിയുടെ കാഷ്യർ തന്നോട് പറഞ്ഞതായി മനോസ മേയറോഡ് പറഞ്ഞു.
സോഷ്യൽ മീഡിയയിൽ ചർച്ചകൾ വർദ്ധിച്ചതോടെ മനോസയെയും കമ്പനിയുടെ ഒരു പ്രതിനിധിയേയും മേയറുടെ അധ്യക്ഷതയിൽ വിളിച്ചുവരുത്തി. സുതാര്യമാവാൻ യോഗം വലൻസുവേല സിറ്റി സർക്കാരിന്റെ ഫേസ്ബുക്ക് പേജിൽ തത്സമയം സംപ്രേഷണം ചെയ്തു. “എന്തുകൊണ്ടാണ് നിങ്ങളുടെ ജീവനക്കാരന് അഞ്ചും പത്തും സെൻറ് നൽകിയത്? അത് അപമാനകരമാണ്, അത് തൊഴിലാളിയുടെ അഭിമാനത്തിന് ഇടിവ് വരുത്തുന്നതല്ലേ,” മേയർ ചോദിച്ചു.
അതെ സമയം തെറ്റ് സംഭവിച്ചതായി കമ്പനി പ്രതിനിധി ജാസ്പർ ചെംഗ് സോ സമ്മതിച്ചു. നാണയങ്ങൾ മനോസയ്ക്ക് നൽകാൻ ഉദ്ദേശിച്ചുള്ളതായിരുന്നില്ലെന്ന് കമ്പനി പ്രതിനിധി പറഞ്ഞു. അതെ സമയം, കമ്പനിയുടെ അന്യായമായ തൊഴിൽ രീതികളെപറ്റി താൻ പരാതി നൽകിയതിന് ശേഷമാണ് തനിക്ക് നാണയങ്ങൾ ലഭിച്ചതെന്ന് മനോസ പറഞ്ഞു.
കമ്പനിയുടെ മറുപടി തൃപ്തികരമല്ലാത്തതിനെ തുടർന്ന് ഫിലിപ്പീൻസ് ലേബർ സെക്രട്ടറി സിൽവെസ്ട്രെ ബെല്ലോ മൂന്നാമൻ കമ്പനിക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ടു. അന്വേഷണ കാലയളവിലേക്ക് മേയർ ഗച്ചാലിയൻ കമ്പനിയുടെ ബിസിനസ് പെർമിറ്റ് റദ്ദാക്കി. സർക്കാർ ആവശ്യങ്ങൾ പാലിക്കുന്നതുവരെ ഫാക്ടറി 15 ദിവസത്തേക്ക് അടയ്ക്കാനും ഉത്തരവിട്ടു.
വീണ്ടുവിചാരം ഇല്ലാതെ ചെയ്ത ഒരു പ്രവർത്തിയുടെ പരിണിത ഫലം കണ്ടോ?