തിരുവനന്തപുരം
റെയിൽവേ, തീരദേശ പൊലീസിന് കൂടുതൽ അധികാരം വരുന്നു. റെയിൽവേ പൊലീസിനെ ഇന്റലിജൻസ് വിഭാഗത്തിൽനിന്ന് മാറ്റി ക്രൈംബ്രാഞ്ചിന് കീഴിലാക്കും. തീരദേശ പൊലീസിനെ പ്രത്യേക ഡിവിഷനാക്കി സ്റ്റേഷനുകളുടെ ചുമതല കൈമാറും. റെയിൽവേ പൊലീസിന് ഡിവിഷൻ അടിസ്ഥാനത്തിൽ രണ്ട് എസ്പിമാരും വരും. പദ്ധതി സംസ്ഥാന പൊലീസ് മേധാവി ആഭ്യന്തരവകുപ്പിന് സമർപ്പിച്ചു.
കേരളത്തിൽ റെയിൽവേ പൊലീസ് 1950 മുതൽ ഇന്റലിജൻസിനു കീഴിലാണ്. സംസ്ഥാനത്ത് 13 റെയിൽവേ പൊലീസ് സ്റ്റേഷനുണ്ട്. കേസ് രജിസ്റ്റർ ചെയ്യലും അന്വേഷണവും ഉൾപ്പെടെ എല്ലാ പ്രവർത്തനങ്ങളും റെയിൽവേ പൊലീസ് സ്റ്റേഷനിലും നടക്കുന്നുണ്ട്. എന്നാൽ, ഇന്റലിജൻസിൽ ഇതില്ല. അതിനാലാണ് ക്രൈംബ്രാഞ്ച് കീഴിലാക്കുന്നത്.
നിലവിലെ ഒരു എസ്പിക്കു പകരം തിരുവനന്തപുരം, പാലക്കാട് ഡിവിഷൻ കേന്ദ്രീകരിച്ച് രണ്ട് എസ്പിമാർ എന്നതാണ് നിർദേശം. തീരസുരക്ഷ കർശനമാക്കാനാണ് തീരദേശ പൊലീസിനെ ശക്തിപ്പെടുത്തുന്നത്. കൊച്ചിയിൽ ആസ്ഥാനത്ത് ഒരു എഡിജിപിയും ഐജിയും ഉണ്ട്. 18 പൊലീസ് സ്റ്റേഷനുമുണ്ട്. പുതിയ ആറെണ്ണം ഉടൻ ആരംഭിക്കും. എന്നാൽ, ഇവ അതത് ജില്ലാ പൊലീസ് സൂപ്രണ്ടുമാർക്ക് കീഴിലാണ്. പുതിയ ഡിവിഷൻ ആരംഭിക്കുന്നതോടെ സ്റ്റേഷൻ നിയന്ത്രണം അതിലേക്ക് മാറും.















