കോഴിക്കോട്
റോഡ് നിർമാണത്തിന്റെ കരാറുകാർ ആര് എന്ന വിവാദത്തേക്കാൾ കുഴികളിൽ വീണ് ആരുടേയും ജീവൻ നഷ്ടപ്പെടുന്നത് ഒഴിവാക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. രാമനാട്ടുകര ബൈപാസിൽ മേൽപാലത്തിനരികിലെ കുഴികൾ നികത്തുന്നത് സന്ദർശിക്കാനെത്തിയതായിരുന്നു മന്ത്രി. റോഡിലെ കുഴികളിൽ അപകടത്തിൽപ്പെട്ട് നിരവധി പേർക്ക് ജീവൻ നഷ്ടമായിട്ടുണ്ട്.
കെഎംസി കൺസ്ട്രക്ഷൻ കമ്പനിയാണ് ബൈപാസിലെ ആറുവരിപ്പാത വികസന കരാറുകാർ. ഇവർക്ക് അറ്റകുറ്റപ്പണിയുടെ ചുമതലയുമുണ്ട്. അപകടങ്ങൾ ആവർത്തിക്കാതിരിക്കണം. അല്ലാതെ കരാർ കമ്പനികളെ സംബന്ധിച്ച് തർക്കിക്കുകയല്ല വേണ്ടത്. ബൈപാസിലെ 28 കിലോമീറ്റർ സഞ്ചരിച്ച് കുഴികളുടെ വിവരങ്ങൾ ശേഖരിച്ച് റിപ്പോർട്ട് തയ്യാറാക്കും. ഇത് കരാറുകാർക്ക് നൽകി മുഴുവൻ കുഴികളും അടയ്ക്കുമെന്നും മലബാറിന്റെ വികസനത്തിലെ പ്രധാന പദ്ധതിയായ കോഴിക്കോട് ബൈപാസ് ആറുവരിപ്പാത നിർമാണ പ്രവൃത്തി വൈകിക്കുന്ന കരാർ കമ്പനിയുടെ അനാസ്ഥയിൽ ശക്തമായി ഇടപെടുമെന്നും മന്ത്രി പറഞ്ഞു. കലക്ടർ സാംബശിവറാവു, കെഎംസി കൺസ്ട്രക്ഷൻ കമ്പനി പ്രതിനിധികൾ എന്നിവരും മന്ത്രിയോടൊപ്പമുണ്ടായി.















