ഇടുക്കി: വണ്ടിപ്പെരിയാറിലെ അഞ്ച് വയസുകാരിയുടെ മരണം കൊലപാതകമെന്ന് പോലീസ്. പെൺകുട്ടി ലൈംഗിക പീഡനത്തിന് ഇരയായിരുന്നുവെന്ന് പോസ്റ്റ്മോർട്ടത്തിൽ വ്യക്തമായി. സംഭവത്തിൽ അയൽവാസിയായ യുവാവിനെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്യുകയാണ്.
ബുധനാഴ്ചയാണ് അഞ്ച് വയസുകാരിയെ ലയത്തിനുള്ളിൽ ഷാൾ കുരുങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. കുട്ടിയുടെ മാതാപിതാക്കൾ എസ്റ്റേറ്റിൽ ജോലിക്ക് പോയ സമയത്താണ് സംഭവം നടന്നത്. കുട്ടിയുടെ സഹോദരൻ വീട്ടിലെത്തിയപ്പോഴാണ് കുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തിയത്.
പോസറ്റുമോർട്ടത്തിന് ശേഷമാണ് പെൺകുട്ടി ലൈംഗിക പീഡനത്തിന് ഇരയായെന്നും കൊലപാതകമാണ് നടന്നതെന്നുമുള്ള നിഗമനത്തിൽ പോലീസ് എത്തിയത്. അയൽവാസികളായ നാലുപേരെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തു. ഇവരിൽ മൂന്നുപേരെ വിട്ടയച്ചു. തൊട്ടടുത്ത ലയത്തിൽ താമസിക്കുന്ന യുവാവിലേക്കാണ് അന്വേഷണം എത്തിച്ചേർന്നിട്ടുള്ളത്.
ഈ യുവാവ് വീട്ടിലെത്തി ഉപദ്രവിക്കുന്നതിനിടെ കുട്ടി ബോധരഹിതയായി വീണു. പിന്നീട് ഷാൾ കരുക്കിയശേഷം യുവാവ് കടന്നുകളഞ്ഞു എന്ന നിഗമനത്തിലാണ് പോലീസ്. അന്തിമ പോസ്റ്റുമോർട്ടം റിപ്പോർട്ട് ലഭിച്ചശേഷം കൂടുതൽ നടപടികളിലേക്ക് കടക്കും എന്നാണ് വണ്ടിപ്പെരിയാർ പോലീസ് പറയുന്നത്.
Content Highlights:Crime beat Vandiperiyar five year old murder