തിരുവനന്തപുരം> രാജവെമ്പാലയുടെ കടിയേറ്റ് തിരുവനന്തപുരം മൃഗശാല ജീവനക്കാരന് മരിച്ചത് ആശങ്കയോടെയാണ് കേരളം കണ്ടത്. രാജ്യത്ത് ഈ വിഷത്തിനെതിരായുള്ള ആന്റിവെനം ലഭ്യമല്ലാത്തതിനാല് കടിയേറ്റാല് മരണമാണ് ഫലമെന്ന മിഥ്യാധാരണ ഇതോടെ പലരിലും ഉടലെടുത്തുകഴിഞ്ഞു.
രാജവെമ്പാലയുടെ വിഷം ശരീരത്തിന്റെ നാഡിവ്യവസ്ഥയെയാണ് ബാധിക്കുന്നത്. തുടര്ന്ന് കടിയേറ്റയാളുടെ ശ്വസനവ്യവസ്ഥയെ ബാധിക്കും. ഇത് റെസ്പിരേറ്ററി പാരലിസിസ് എന്ന അവസ്ഥയിലേക്ക് മാറും. പലപ്പോഴും ഇക്കാരണത്താലാണ് മരണം ഉണ്ടാകുന്നത്. എന്നാല് രോഗിയെ വെന്റിലേറ്ററിലേക്ക് മാറ്റി കൃത്യമായി ശ്വാസോച്ഛ്വാസം ഉറപ്പിച്ച് ചികിത്സിക്കാനായാല് ജീവന് രക്ഷിക്കുക സാധ്യമാണെന്ന് പാലക്കാട് പാലന ഇന്സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല് സയന്സസിലെ ചീഫ് ഫിസിഷ്യന് ഡോ. ജോബി പോള് പറഞ്ഞു.
വെന്റിലേറ്ററില് പ്രവേശിപ്പിച്ച ശേഷം ആന്റിവെനം എത്തിക്കാനായാല് കൂടുതല് നല്ലത്. എന്നാല് വെന്റിലേറ്റര് ചികിത്സയിലൂടെ മാത്രം രക്ഷപ്പെട്ടവരും ഉണ്ടെന്ന് ഡോ. ജോബി പറഞ്ഞു. അതിനാല് തന്നെ അനാവശ്യപേടിയുടെ ആവശ്യമില്ല. ബ്രിട്ടണില് പാമ്പുകടിയേറ്റ രോഗിയെ ആറുമണിക്കൂറോളം വെന്റിലേറ്ററില് കിടത്തുകയും പിന്നീട് ആന്റിവെനം നല്കി രക്ഷപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.
കിങ് കോബ്ര ആന്റിവെനം തായ്ലന്ഡിലെ ക്യൂന് സയോഭാവ മെമ്മൊറിയല് ഇന്സ്റ്റിറ്റ്യൂട്ടില് മാത്രമാണ് നിലവില് നിര്മിക്കുന്നത്. 2014ല് ഇവിടെനിന്ന് ആന്റിവെനം എത്തിക്കാന് ഡോ. ജോബി ശ്രമിച്ചിരുന്നുവെങ്കിലും ഡ്രഗ് കണ്ട്രോളറുടെ അനുമതി ലഭിക്കാത്തതിനാല് അത് നടപ്പായില്ല. സെന്ട്രല് ഗവ. ഡ്രഗ് കണ്ട്രോളര്ക്ക് തന്റെ അധികാരം ഉപയോഗിച്ച് ആന്റിവെനം രാജ്യത്ത് എത്തിക്കാന് കഴിയുമെന്നും അദ്ദേഹം പറഞ്ഞു.
അമേരിക്ക, ജര്മ്മനി, ഫ്രാന്സ്, റഷ്യ തുടങ്ങി വിദേശരാജ്യങ്ങള് തായ്ലന്ഡില് നിന്നാണ് ആന്റിവെനം വാങ്ങുന്നത്. 1980കളില് ഹിമാചല് പ്രദേശിലെ കസൗളിയിലെ സെന്ട്രല് റിസര്ച്ച് ഇന്സ്റ്റിറ്റ്യൂട്ടില് (സിആര്ഐ) രാജവെമ്പാലയുടെ ആന്റിവെനം നിര്മിച്ചിരുന്നു. എന്നാല് നിര്മാണച്ചിലവ് വളരെ കൂടുതലയാതിനാലും ഉപയോഗിക്കേണ്ട സാഹചര്യം ഇല്ലാത്തതിനാലും കേന്ദ്രസര്ക്കാര് നിര്മാണം പൂര്ണമായി അവസാനിപ്പിക്കുകയായിരുന്നു.
നിര്മിച്ചതുമുതല് അഞ്ച് വര്ഷമാണ് ആന്റിവെനത്തിന്റെ കാലയളവ്. അതുകഴിഞ്ഞ് ഇവ ഉപയോഗശൂന്യമാണ്.
രാജവെമ്പാല ഒരു ഭീകരനല്ല
വലിപ്പത്തിലും വിഷത്തിന്റെ അളവിന്റെ കാര്യത്തിലും രാജാവാണ് രാജവെമ്പാല. ശാന്തസ്വഭാവമുള്ള പാമ്പ് എന്നാണ് വിദഗ്ധര് വിശേഷിപ്പിക്കുന്നത്. മനുഷ്യസാന്നിധ്യമുള്ളയിടങ്ങള് കഴിവതും ഒഴിവാക്കിയാണ് വാസം. കേരളത്തില് വന മേഖലകളിലും അതിനോട് ചേര്ന്ന ജനവാസമേഖലകളിലും ഇവ കാണപ്പെടാറുണ്ട്. അമിത അക്രമസ്വഭാവം ഇല്ലെങ്കിലും സ്വയരക്ഷയ്ക്കായി പ്രത്യാക്രമണം സ്വാഭാവികമായി പ്രകടിപ്പിക്കുന്ന ജീവിയാണ്.
കടിക്കുമ്പോര് ഒറ്റ തവണയില് ഏഴ് മില്ലി അളവില് വിഷം ശരീരത്തില് കയറ്റാന് കഴിയും. മൂര്ഖന് അടക്കമുള്ള മറ്റ് പാമ്പുകളുടെ കാര്യത്തില് ഇത് 0.25 മില്ലി മുതലാണ്.കൂടുകൂട്ടി മുട്ടയിടുന്ന ഒരേയൊരു വിഭാഗമായതിനാല് ഈ സാഹചര്യത്തില് പെണ് രാജവെമ്പാലകള് അക്രമസ്വഭാവം പ്രകടിപ്പിക്കും. പാമ്പിനെ അശ്രദ്ധമായി കൈകാര്യം ചെയ്താല് കടിയേല്ക്കാന് സാധ്യതയുണ്ട്.
ഡ്രൈ ബൈറ്റ്?
മുന്നിലുള്ള ആളെ ഭയപ്പെടുത്താന് വേണ്ടി മാത്രം വിഷം പുറപ്പെടുവിക്കാതെ കടിക്കാന് രാജവെമ്പാലയ്ക്ക് കഴിയും. കടിച്ചാലും വിഷം ശരീരത്തില് കയറാത്ത ഈ അവസ്ഥയെയാണ് ഡ്രൈ ബൈറ്റ് എന്ന് വിളിക്കുന്നത്. പാമ്പ് കടിച്ച കേസുകളില് 40 ശതമാനവും ഡ്രൈ ബൈറ്റാണ്. മനപൂര്വം എതിരാളിയെ ഭയപ്പെടുത്തുകയാണ് ലക്ഷ്യം.
ഇത്തരം കേസുകളില് ചികിത്സ ആവശ്യമില്ല. ഭക്ഷണം ദഹിക്കണമെങ്കില് ഇവയ്ക്ക് ശരീരത്തില് വിഷസാന്നിധ്യം ഉണ്ടാകണം. അതിനാല് കഴിവതും വിഷം ശരീരത്തില് കയറ്റാതെ ആകും കടിക്കുക.