അതിർത്തി പ്രദേശങ്ങളിൽ ഭീകരസംഘടനകൾ ഡ്രോണ്‍ ആക്രമണങ്ങള്‍ക്ക് തയ്യാറെടുക്കുന്ന സൂചനകൾ രഹസ്യാന്വേഷണ ഏജൻസികൾക്ക് ലഭ്യമായതായി വാർത്താ ഏജൻസിയായ ഐഎഎൻ എസ് റിപ്പോർട്ട് ചെയ്തു.
കേരളത്തിലെയും തമിഴ്നാട്ടിലെയും വിവിധ നഗരങ്ങൾ നിരീക്ഷണത്തിലാണ്. തമിഴ്നാട്ടിലെ തെക്കൻ ജില്ലകൾ, കോയമ്പത്തൂർ, തിരിച്ചിറപ്പള്ളി, കന്യാകുമാരി എന്നിവടങ്ങൾ നിരീക്ഷണത്തിലാണ്. തമിഴ്നാട് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന അൽ-ഉമ്മ പോലെയുള്ള സംഘടനകളും നിരീക്ഷണത്തിലാണ്.
ഭീകരസംഘടനകളുമായി ചേർന്ന് പ്രവർത്തിക്കാൻ സിറിയ, അഫ്ഗാനിസ്ഥാൻ എന്നീ രാജ്യങ്ങളിലേക്ക് ആളുകൾ പോയ സാഹചര്യമാണ് കേരളത്തിന് നിർണായകമാകുന്നത്. ഈ സാഹചര്യത്തിൽ കേരളത്തിലും തമിഴ്നാട്ടിലും രഹസ്യാന്വേഷണ വിഭാഗങ്ങൾ നിരീക്ഷണം ശക്തമാക്കി. തമിഴ്നാട്ടിലെയും കേരളത്തിലെയും തെക്കൻ തീരദേശമേഖലകളിൽ നാവികസേനയും തീരസുരക്ഷാ സേനയും ജാഗ്രതയും നിരീക്ഷണവും തുടരുകയാണ്.
ജമ്മു വിമാനത്താവളത്തിലെ വ്യോമസേനാ താവളത്തിൽ ഡ്രോൺ ഉപയോഗിച്ചുള്ള ഭീകരാക്രമണത്തിൽ അന്വേഷണം തുടരുന്നതിനിടെയാണ് കേരളത്തിലും തമിഴ്നാട്ടിലും സുരക്ഷ ശക്തമാക്കുന്നത്. ഇന്ത്യൻ പൗരന്മാർക്കെതിരെയോ സൈനിക താവങ്ങൾക്ക് എതിരെയോ പാകിസ്ഥാൻ്റെ ഭാഗത്ത് നിന്നും ആധൂനിക രീതിയിലുള്ള നീക്കമുണ്ടായാൽ ശക്തമായി തിരിച്ചടിക്കുമെന്ന് ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് ജനറൽ ബിപിൻ റാവത്ത് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
ജമ്മു വിമാനത്താവളത്തിലെ വ്യോമസേനാ ഹെലികോപ്ടറുകളെ ലക്ഷ്യമാക്കിയാണ് ഭീകരാക്രമണം നടന്നതെന്ന് എയർ ചീഫ് മാർഷൽ ആർ കെ എസ് ഭൗരിയ പറഞ്ഞിരുന്നു. ഡ്രോൺ ഉപയോഗിച്ചുള്ള ആക്രമണം വെല്ലുവിളി നിറഞ്ഞതാണ്. ഈ നീക്കത്തെ പ്രതിരോധിക്കാനുള്ള നടപടികൾ സ്വീകരിച്ചു. എതിരാളികളുടെ ഡ്രോണുകളുടെ നിയന്ത്രണം തെറ്റിക്കാനുള്ള കഴിയുന്ന ജാമറുകൾ സേനയ്ക്കുണ്ടെങ്കിലും ജമ്മു വിമാനത്താവളത്തിൽ ഇവ സ്ഥാപിച്ചിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.