ചാത്തന്നൂർ > ‘അനന്തു’ എന്ന വ്യാജ പ്രൊഫൈലിലൂടെ അടുത്ത ബന്ധുക്കളായ ആര്യയും ഗ്രീഷ്മയും രേഷ്മയെ ശരിക്കും ചുറ്റിച്ചു. നേരിൽ കാണാനായി ‘ഫെയ്സ്ബുക്ക് കാമുകൻ’ ചമഞ്ഞ് രേഷ്മയെ പലപ്പോഴായി പലയിടങ്ങളിലേക്കും ഇവർ വിളിച്ചുവരുത്തി. വർക്കല, ചാത്തന്നൂർ, കൊട്ടിയം, കൊല്ലം എന്നിവിടങ്ങളിലൊക്കെയാണ് രേഷ്മയെ എത്തിയത്. എന്നാൽ, ‘കാമുകൻ’ നേരിൽ കാണാൻ വരാത്തതിനെപ്പറ്റി രേഷ്മ ചോദിച്ചപ്പോഴെല്ലാം വിശ്വാസയോഗ്യമായ മറുപടികളാണ് ഇരുവരും നൽകിയത്.
ആര്യയും ഗ്രീഷ്മയും ഉറ്റ സുഹൃത്തുക്കളായിരുന്നു. ഇരുവരും എല്ലായ്പ്പോഴും ഒന്നിച്ചുമായിരുന്നു. ഗ്രീഷ്മയുടെ പേരിൽ ഒന്നര വർഷംമുമ്പ് എടുത്ത സിം ഉപയോഗിച്ചാണ് ‘അനന്തു’ എന്ന പേരിൽ ഫെയ്സ്ബുക്ക് അക്കൗണ്ട് തുടങ്ങിയത്. ഒന്നിച്ചിരുന്നും അല്ലാതെയും ആര്യയും ഗ്രീഷ്മയും വ്യാജ അക്കൗണ്ടിലൂടെ രേഷ്മയ്ക്ക് മെസേജ് അയച്ചിരുന്നതായി അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. രേഷ്മയെ ‘അടുത്തറിയാവുന്ന’ അനന്തു പെട്ടെന്ന് സൗഹൃദം സൃഷ്ടിക്കുകയും പ്രണയത്തിലാകുകയുമായിരുന്നു.
ചോരക്കുഞ്ഞിനെ കൊലപ്പെടുത്തിയ കേസിൽ രേഷ്മ അറസ്റ്റിലായതിനു പിന്നാലെ ആര്യയെ ചോദ്യംചെയ്യാൻ പൊലീസ് വിളിപ്പിച്ചിരുന്നു. സ്റ്റേഷനിൽ ഹാജരാകേണ്ട ദിവസം ആര്യ ഗ്രീഷ്മയെയും കൂട്ടി ഇത്തിക്കരയാറ്റിൽ ജീവനൊടുക്കിയതോടെ കേസിൽ ദുരൂഹതകൾ ഏറി. ആത്മഹത്യയിലേക്ക് നയിക്കാൻ മാത്രം എന്തായിരുന്നു എന്നുള്ളതും പൊലീസിനെ കുഴപ്പിച്ചു.
ഗ്രീഷ്മയുടെ ഉറ്റ സുഹൃത്തായ യുവാവിന്റെ മൊഴിയാണ് കേസിൽ വഴിത്തിരിവായത്. കാണാതാവുന്നതിനു മുമ്പ് ഗ്രീഷ്മ യുവാവിനോട് അജ്ഞാത കാമുകൻ ചമഞ്ഞ് രേഷ്മയെ കബളിപ്പിച്ചത് തങ്ങളാണെന്ന് ഫോൺ വിളിച്ച് അറിയിച്ചിരുന്നു. ഇതിനുശേഷം യുവാവ് ഗ്രീഷ്മയെ ആറു തവണ വിളിക്കാൻ ശ്രമിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് യുവാവിനെ സ്റ്റേഷനിൽ വിളിച്ചുവരുത്തി മൊഴിയെടുത്തത്.