കൊച്ചി > കൊച്ചി –- ബംഗളുരു വ്യവസായ ഇടനാഴി പദ്ധതിക്കാവശ്യമായ ഭൂമി ഏറ്റെടുക്കൽ ഡിസംബറോടെ പൂർത്തിയാക്കുമെന്ന് വ്യവസായ മന്ത്രി പി രാജീവ് പറഞ്ഞു. പദ്ധതിയുടെ ഭാഗമായ എറണാകുളം ജില്ലയിലെ ഗിഫ്റ്റ് പദ്ധതിക്കുള്ള ഭൂമി ഏറ്റെടുക്കുമ്പോൾ ഏറ്റവും കുറവ് വീടുകൾ പോകുന്ന രീതിയിലാകും ഏറ്റെടുക്കലെന്നും മന്ത്രി പറഞ്ഞു. എറണാകുളം പ്രസ് ക്ലബ്ബിൽ മീറ്റ് ദി പ്രസിൽ സംസാരിക്കുകയായി്രുന്ന അദ്ദേഹം.
ഗിഫ്റ്റ് സിറ്റി പദ്ധതിക്ക് സ്ഥലം എടുക്കുമ്പോൾ 300 വീടുകൾ പോകേണ്ടതായിരുന്നു. എന്നാൽ ആശങ്കൾ പരിഹരിച്ച് വളരെ കുറച്ച് വീടുകൾ പോകുന്ന തരത്തിൽ സ്ഥല നിർണയം നടത്താൻ ജില്ലാ കളക്ടറെ ചുമതലപ്പെടുത്തി. വ്യവസായ ഇടനാഴി പദ്ധതിയുടെ യോഗം ശനിയാഴ്ച നടന്നു. മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുത്ത യോഗത്തിൽ കിൻഫ്രഎംഡി, എറണാകുളം, പാലക്കാട് കളക്ടർമാർ എന്നിവരും പങ്കെടുത്തു. സ്ഥലമെടുപ്പിനുള്ള ഹിയറിങ് 7, 8 തീയതികളിൽ നടക്കും. തുടർന്ന് ജനപ്രതിനിധികളുടെ യോഗവും ചേരുമെന്നും മന്ത്രി പറഞ്ഞു. കാക്കനാട് സ്ഥാപിക്കുന്ന ഇന്റർനാഷണൽ ട്രേഡ് സെന്റർ ഒന്നരവർഷത്തിനകം യാഥാർഥ്യമാകും. ചെറുകിട വ്യവസായികളുശട ഉൽപന്നങ്ങൾ അന്താരാഷ്ട്ര വിപണിയിൽ വിൽക്കാൻ സഹായിക്കുന്ന സെന്റർ രണ്ടു ഘട്ടങ്ങളിലായാണ് നടപ്പാക്കുക. ആദ്യ ഘട്ടം 30 കോടി രൂപയുടെ പദ്ധതിയാണ്.
ആമ്പല്ലൂർ ഇലക്ട്രോണിക്സ് പാർക്കിനുള്ള സ്ഥലം ഏറ്റെടുക്കലിലെ തടസങ്ങൾ എന്തൊക്കെയാണെന്ന് രണ്ടാഴ്ചക്കുള്ളിൽ കണ്ടെത്തും. അവ പരിഹരിച്ച് പദ്ധതി മൂന്നു വർഷത്തിനുള്ളിൽ യാഥാർഥ്യമാക്കും.
ഐടി വകുപ്പിനു കീഴിലുള്ള കളമശേരിയിലെ സ്റ്റാർട്ടപ്പ് ഹബ്ബ് രണ്ടുവർഷത്തിനകം രാജ്യത്തെ ഏറ്റവും വലിയ സ്റ്റാർട്ടപ്പായി മാറും വിധം വികസിപ്പിച്ചു വരികയാണ്. ‘ഒരു ജില്ല ഒരു ഉൽപ്പന്നം’ പദ്ധതിയിൽ ഉൾപ്പെടുത്തി എറണാകുളം ജില്ലയുടെ പൈനാപ്പിൾ അധിഷ്ഠിത കാർഷിക വ്യവസായ സംരംഭത്തിനു 10 ലക്ഷം രൂപ വരെ സഹായം നൽകും. 14 ജില്ലകളിലുമായി 104 വ്യവസായ സംരംഭങ്ങൾ ഈ പദ്ധതിയിൽ തുടങ്ങുമെന്നും മന്ത്രി പറഞ്ഞു.