തനിക്കെതിരെ നിരവധി കേസുകൾ നിലവിലുണ്ട്. നോട്ടീസിൽ പറഞ്ഞ ദിവസം തന്നെ ഹാജരാകണമെന്ന് നിർബന്ധമില്ല. എപ്പോൾ ഹാജരാകണമെന്ന് തീരുമാനിച്ചിട്ടില്ല. സ്വർണക്കടത്ത് കേസിൽ നിന്നും ശ്രദ്ധ തിരിക്കാനാണ് തനിക്കെതിരായ കേസ് ഉയർത്തിക്കൊണ്ട് വരുന്നത്. സ്വർണക്കടത്തും കവർച്ചയും ചെന്നെത്തുന്നത് സിപിഎമ്മിലേക്കായതിനാൽ സർക്കാർ പ്രതിരോധത്തിലാണെന്നും സുരേന്ദ്രൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. എന്നെ അറസ്റ്റ് ചെയ്ത് കൊണ്ട് പോകട്ടെയെന്നും നിങ്ങൾക്ക് സന്തോഷമാകട്ടെ എന്നും അദ്ദേഹം പരിഹാസത്തോടെ പറഞ്ഞു. സ്വർണക്കടത്ത് കേസിലെ മൊഴികൾ സിപിഎമ്മിന് വെല്ലുവിളിയാണ്. ഇത് വഴിതിരിച്ച് വിടാനാണ് ഇപ്പോൾ ശ്രമം നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
കിറ്റെക്സ് ഗ്രൂപ്പ് കേരളം വിടുന്നതിന് മുഖ്യമന്ത്രി പിണറായി വിജയൻ മറുപടി പറണം. വ്യവസായ മന്ത്രിക്ക് കിറ്റെക്സ് ഗ്രൂപ്പിനോടുള്ള പ്രതികാരമാണ് നിലവിലെ സാഹചര്യങ്ങൾക്ക് കാരണമെന്ന് എല്ലാവർക്കുമറിയാം. സർക്കാർ രാഷ്ട്രീയമായി പ്രതികാരം തീർക്കുകയാണ്. രാഷ്ട്രീയത്തിൽ ആയാലും വ്യവസായത്തിലായാലും സിപിഎമ്മിന് ഇഷ്ടമില്ലാത്തവരെ അവർ നശിപ്പിക്കുകയാണ്. വ്യവസായ സൗഹൃദ സംസ്ഥാനങ്ങളുടെ പട്ടികയിൽ കേരളം 24മതാണ്. മുഖ്യമന്ത്രിയുടെ മകൾ പോലും വ്യവസായം ആരംഭിക്കാൻ തെരഞ്ഞെടുത്തത് കേരളമാണെന്നും സുരേന്ദ്രൻ പരിഹസിച്ചു.
വ്യവസായ നിക്ഷേപകരെ സംസ്ഥാനത്തേക്ക് ആകർഷിക്കാനുള്ള നിലപാടാണ് സർക്കാർ സ്വീകരിക്കേണ്ടത്. എന്നാൽ രാഷ്ട്രീയം കളിക്കാനാണ് സർക്കാർ ആഗ്രഹിക്കുന്നത്. കേരളത്തിൽ നിന്നും പോകുന്നുവെന്ന കിറ്റെക്സിൻ്റെ നിലപാടിൽ മുഖ്യമന്ത്രി മറുപടി നൽകണം. പതിനായിരക്കണക്കിന് ജനങ്ങളെ ബാധിക്കുന്ന കാര്യമാണിത്. ഈ സർക്കാർ തന്നെയാണ് കേരളത്തിൻ്റെ പ്രതിച്ഛായ നശിപ്പിക്കുന്നതെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ കുറ്റപ്പെടുത്തി.
കൊവിഡിനെ നിയന്ത്രിച്ചെന്ന് പറയുന്നവർ എന്തിനാണ് കൊവിഡ് മരണവുമായി ബന്ധപ്പെട്ട കണക്കുകൾ പുറത്തുവിടാൻ മടിക്കുന്നതെന്ന് സുരേന്ദ്രൻ ചോദിച്ചു. കള്ളക്കണക്ക് തയ്യാറാക്കിയാൽ കേരളം നമ്പർ വൺ ആകുമോ. ക്രൂരമായ മനുഷ്യാവകാശ ലംഘനമാണ് സംസ്ഥാനത്ത് നടക്കുന്നത്. ചീപ്പായ പബ്ലിസിറ്റിക്ക് വേണ്ടി എന്തിനാണ് പാവങ്ങളെ ദ്രോഹിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.