തൃശൂർ > പഠനം മാത്രമല്ല, പുതിയ തൊഴിൽ സംരഭങ്ങൾക്ക് വഴിതുറക്കാനും ഊർജം പകരാനുമായി തൃശൂർ ഗവ. എൻജിനിയറിങ് കോളേജിന്റെ ‘സ്റ്റാർട്ട് അപ്’. കോളേജുകൾ വഴി പുതുസംരഭം തുടങ്ങാൻ സ്മോൾ ഇൻഡസ്ട്രീസ് ബാങ്ക് ഓഫ് ഇന്ത്യ (സിഡ്ബി) നടപ്പാക്കുന്ന സ്വാലംബൻ ചെയർ പദ്ധതിയുടെ രാജ്യത്തെ ആദ്യധനസഹായം തൃശൂർ ഗവ. എൻജിനിയറിങ് കോളേജിനെ തേടിയെത്തി. 1.53 കോടിയാണ് ഫണ്ട്. മൂന്നുവർഷത്തിനകം 25 സ്റ്റാർട്ട് അപ്പുകൾ തുടങ്ങും. ഗവേഷണങ്ങൾക്കും പിന്തുണയേകും. നൂതന ആശയങ്ങൾക്ക് ഗ്രാന്റ് നൽകും. കോളേജ് വിദ്യാർഥികൾ മാത്രമല്ല പുറത്തുള്ളവർക്കും സംരഭം തുടങ്ങാൻ മാനസീക–- സാമ്പത്തീക പിന്തുണ നൽകുമെന്നുള്ളതാണ് സവിശേഷത.
ഈ ചരിത്രപദ്ധതിക്ക് തൃശൂർ ഗവ. എൻജിനീയറിങ് കോളേജും സിഡ്ബിയുമായി എംഒയു വ്യാഴാഴ്ച ഒപ്പുവച്ചു. സിഡ്ബിയുടെ സ്വാലംബൻ ചെയർഫോർ എംഎസ്എംഇ സൊല്യൂഷൻസ് എന്ന പദ്ധതി വഴിയാണ് ഫണ്ട് അനുവദിച്ചത്. മൂന്നുവർഷമാണ് കാലാവുധി. ആദ്യവർഷത്തേക്ക് 44 ലക്ഷം രൂപ അനുവദിച്ചു. പദ്ധതിവഴി സ്റ്റാർട്ട് അപ്പുകൾക്ക് ധനസഹായത്തിനൊപ്പം നൂതന ആശയങ്ങളും കണ്ടുപിടിത്തങ്ങൾ അവതരിപ്പിക്കാൻ വേദിയൊരുക്കും. തെരഞ്ഞെടുക്കുന്നവർ കമ്പനി തുടങ്ങുന്നതിനാവശ്യമായ പിന്തുണ നൽകും. എന്റർപ്രണർഷിപ്പ് ഡെവലപ്മെൻറ് പ്രോഗ്രാം, ഇന്റലക്ച്ച്വൽ പ്രോപ്പർട്ടി റൈറ്റ്സ് ട്രെയിനിങ്, സ്കിൽ ഡവലപ്പ്മെന്റ് പ്രോഗ്രാം, പേറ്റന്റ്, വായ്പാസൗകര്യം, കേന്ദ്ര – സംസ്ഥാന സർക്കാർ പദ്ധതികൾ എന്നി വിഷയങ്ങളിൽ ബോധവൽക്കരണക്ലാസുകളും പരിശീലനങ്ങളും സംഘടിപ്പിക്കും.
സിഡ്ബിയുടെ ആദ്യധനസഹായം തൃശൂർ ഗവ: എൻജി.കോളേജിന് ലഭിക്കുന്നത് ചരിത്ര നേട്ടമാണെന്ന് കോളേജ് പ്രിൻസിപ്പൽ രഞ്ജിനി ഭട്ടത്തിരിപ്പാടും ഫാക്കൽട്ടി കോ–- ഓർഡിനേറ്റർ ഡോ. അജയ് ജെയിംസും പറഞ്ഞു. കഴിഞ്ഞ മാർച്ചിലാണ് കോളേജ് പ്രൊപ്പോസൽ സമർപ്പിച്ചത്. അതിന് അംഗീകാരം ലഭിച്ചു. ഈവർഷം അഞ്ച് സംരഭം തുടങ്ങുമെന്നും കോ–- ഓർഡിനേറ്റർ പറഞ്ഞു.
ഓൺലൈനിൽ നടന്ന സോഫ്റ്റ് ലോഞ്ച് ചടങ്ങിൽ സിഡ്ബി ഡെപ്യൂട്ടി മാനേജിങ് ഡയറക്ടർ വി എസ് വി റാവു, സീനിയർ സോഷ്യൽ ഡവലപ്മെൻ്റ് സ്പെഷലിസ്റ്റ് മംമ്ത കൊഹ്ലി, കേരള ടെക്നിക്കൽ എഡ്യൂക്കേഷൻ ഡെപ്യൂട്ടി ഡയറക്ടർ എസ് ഇന്ദുലാൽ, സിഡ്ബി ജനറൽ മാനേജർ ആർ കെ സിംഗ് എന്നിവർ സംസാരിച്ചു. പ്രിൻസിപ്പൽ ഡോ.രഞ്ജിനി ഭട്ടത്തിരിപ്പാട് സ്വാഗതവും കോ–- ഓർഡിനേറ്റർ ഡോ. അജയ് ജെയിംസ് നന്ദിയും പറഞ്ഞു.