കൊച്ചി > ബയോ വെപ്പൺ പരാമർശത്തിൽ രജിസ്റ്റർ ചെയ്ത കേസ് റദാക്കണമെന്ന സംവിധായക ആയിഷ സുൽത്താനയുടെ ഹർജിയിൽ ഇടക്കാല ഉത്തരവില്ല. കേസിലെ തുടർനടപടി സ്റ്റേ ചെയ്യണമെന്ന ആവശ്യത്തിൽ കോടതി ഇടപെട്ടില്ല.
അന്വേഷണം പ്രാഥമിക ഘട്ടത്തിലാണന്ന് നിരീക്ഷിച്ച കോടതി പൊലിസിന് സമയം നൽകേണ്ടതുണ്ടെന്ന് അഭിപ്രായപ്പെട്ടു. അന്വേഷണ പുരോഗതി അറിയിക്കാൻ കവരത്തി പൊലീസിന് നിർദേശം നൽകി. ജസ്റ്റീസ് അശോക് മേനോനാണ് ഹർജി പരിഗണിച്ചത്. സംരക്ഷണം ലഭിക്കാവുന്ന പരാമർശമല്ല ആയിഷയുടേതെന്നുംഹർജി തള്ളണമെന്നും കേന്ദ്ര സർക്കാർ ആവശ്യപ്പെട്ടു.
ആരോപിക്കപ്പെട്ട കുറ്റങ്ങൾ നിലനിൽക്കുന്നവയാണെന്നും അന്വേഷണം ആവശ്യമാണെന്നും ലക്ഷദ്വീപ് ഭരണ നേതൃത്വത്തിനായി ഹാജരായ അഡീഷണൽ സോളിസിറ്റർ ജനറൽ അമൻ ലേഖി വാദിച്ചു. കേസിൽ അന്വേഷണം പാടില്ലെന്ന് എങ്ങനെ പറയാൻ കഴിയുമെന്ന് ആയിഷയുടെ അഭിഭാഷകനോട് കോടതി ചോദിച്ചു. കേന്ദ്ര സർക്കാരിന് എതിർ സത്യവാങ്മൂലം സമർപ്പിക്കാമെന്നും കോടതി വ്യക്തമാക്കി.കേസ് രണ്ടാഴ്ച കഴിഞ്ഞ് പരിഗണിക്കും.