കൊച്ചി: തമിഴ്നാട്ടിൽ വ്യവസായം ആരംഭിക്കാൻകിറ്റക്സിന് തമിഴ്നാട് സർക്കാരിന്റെ ഔദ്യോഗിക ക്ഷണം ലഭിച്ചു. നിരവധി ആനുകൂല്യങ്ങളാണ് വാഗ്ദാനം ചെയ്തിരിക്കുന്നത്. 3500 കോടി രൂപയുടെ പദ്ധതി കേരളത്തിൽ ഉപേക്ഷിക്കുന്നതായി കിറ്റക്സ് ഗ്രൂപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് തമിഴ്നാടിന്റെ ഈ ക്ഷണം വന്നിരിക്കുന്നത്.
സ്ഥാപനത്തിൽ ഒരു മാസത്തിനിടെ പതിനൊന്നോളം പരിശോധനകൾ നടത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് സംസ്ഥാന സർക്കാരുമായി ചേർന്ന് നടപ്പാക്കാനിരുന്ന 3500 കോടിയുടെ പദ്ധതിയിൽ നിന്ന് കിറ്റക്സ് പിന്മാറിയത്. സർക്കാരിനെതിരേ കടുത്ത വിമർശനങ്ങളും കിറ്റക്സ് ഉയർത്തിയിരുന്നു. ഇതിനുപിന്നാലെയാണ് തമിഴ്നാട്ടിൽ നിന്ന് ഔദ്യോഗിക ക്ഷണം ലഭിച്ചിരിക്കുന്നത്.
തമിഴ്നാട് വ്യവസായ മന്ത്രിയുടെവൈസ് പ്രസിഡന്റ് ഇതുസംബന്ധിച്ച് കിറ്റക്സിന് കത്തയച്ചു. തമിഴ്നാട്ടിൽ വ്യവസായം തുടങ്ങാൻ ക്ഷണിക്കുന്നു എന്നാണ് കത്തിന്റെ ഉളളടക്കം. സബ്സിഡി, പലിശിയിളവ്, സ്റ്റാമ്പ് ഡ്യൂട്ടിയിൽ നൂറുശതമാനം ഇളവ് തുടങ്ങി എട്ടോളം ആനുകൂല്യങ്ങളാണ് വാദ്ഗാനം ചെയ്തിട്ടുളളതെന്ന് കിറ്റക്സ് വ്യക്തമാക്കി. എന്നാൽ ഇക്കാര്യത്തിൽ കിറ്റക്സ് അന്തിമതീരുമാനമെടുത്തിട്ടില്ല.
3500 കോടിയുടെ പദ്ധതിയിൽ നിന്ന് പിന്മാറിയതായി പ്രഖ്യാപിച്ചിട്ടും സംസ്ഥാന സർക്കാരിന്റെ ഭാഗത്ത് നിന്ന് തന്നെ ആരും വിളിച്ച് കാര്യങ്ങൾ അന്വേഷിച്ചില്ലെന്ന് സാബു ജേക്കബ് കുറ്റപ്പെടുത്തി. സംസ്ഥാനത്ത് വ്യവസായങ്ങൾക്ക് ഒരു രൂപയുടെ ആനുകൂല്യം കൊടുക്കുന്നില്ലെന്ന്മാത്രമല്ല പരമാവധി ഏത് രീതിയിൽ ഉപദ്രവിക്കാമോ അതാണ് ചെയ്തുകൊണ്ടിരിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
തമിഴ്നാട് സർക്കാരിന്റെഔദ്യോഗിക കത്താണ് കിറ്റക്സിന് ലഭിച്ചിരിക്കുന്നത്. കത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഭാഗം നിക്ഷേപത്തിന്റെ 40 ശതമാനം തമിഴ്നാട് സർക്കാർ സബ്സിഡിയായി നൽകും എന്നുളളതാണ്. 100 ശതമാനം സ്റ്റാമ്പ് ഡ്യൂട്ടിയിൽ ഇളവ്, ഇതിന് പുറമേ പത്തുവർഷത്തേക്ക് തൊഴിലാളികളുടെ ശമ്പളത്തിന്റെ 20 ശതമാനം സംസ്ഥാന സർക്കാർ കൊടുക്കും എന്ന് പറയുന്നു. ഇതിൽ ഉപരിയായിട്ട് പ്രത്യേകമായി വല്ല ആവശ്യമുണ്ടെങ്കിൽ ചോദിക്കാമെന്നും അതിനായി അവർ പ്രത്യേക പാക്കേജ് വർക്ക് ചെയ്യാമെന്നും പറയുന്നു.
നമ്മുടെ സംസ്ഥാനത്ത് വ്യവസായങ്ങൾക്ക് ഒരു രൂപയുടെ ആനുകൂല്യം കൊടുക്കുന്നില്ല. പരമാവധി ഏത് രീതിയിൽ ഉപദ്രവിക്കാമോ അതാണ് ചെയ്തുകൊണ്ടിരിക്കുന്നത്. എന്നാൽ അയൽസംസ്ഥാനം വാരിക്കോരി നിക്ഷേപം കൊണ്ടുവരാൻ ശ്രമിക്കുകയാണ്. പഠിച്ചു മനസ്സിലാക്കിയതിന് ശേഷം ഞാൻ വിളിക്കാംഎന്നാണ് പറഞ്ഞിരിക്കുന്നത്.
കേരളം ചിന്തിക്കേണ്ട സമയമാണിത്. ഉളള വ്യവസായങ്ങളെ തന്നെ എല്ലാവരും കൂടി വളഞ്ഞിട്ട് ആക്രമിക്കുമ്പോൾ പത്തിരുപത് വർഷം കൂടി പിന്നിടുമ്പോൾ ഒരു വ്യവസായം പോലും കേരളത്തിലില്ലാത്ത സ്ഥിതി വരും. ഇന്ന് രാജ്യത്തെ വ്യവസായ രംഗത്ത് 28-ാം സ്ഥാനത്താണ് കേരളം. നമ്മുടെ പിന്നിലുളളത് ത്രിപുര മാത്രമാണ്. എന്നിട്ടും കാര്യങ്ങൾ മനസ്സിലാക്കാതെ ധാർഷ്ട്യത്തോടെ പ്രവർത്തിക്കുകയാണ്. – സാബു പറയുന്നു
Content Highlights:Kitex has received an official invitation from the Tamil Nadu Govt to start business