കഴിഞ്ഞ ദിവസം നടത്തിയ വാർത്താസമ്മേളനത്തിലാണ് പോലീസ് മേധാവി ഇക്കാര്യത്തിൽ നിലപാട് വ്യക്തമാക്കിയത്. വാഹനം നിർത്തിയ ശേഷം ബ്ലുടൂത്ത് മുഖേനെ സംസാരിക്കാൻ മാത്രമാണ് അനുവാദമുള്ളതെന്നും വണ്ടിയോടിക്കുന്നതിനിടെ ബ്ലുടൂത്ത് സംവിധാനത്തിലൂടെ മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് കണ്ടെത്തിയാൽ നടപടി നേരിടേണ്ടി വരുമെന്നാണ് മോട്ടോർ വാഹന വകുപ്പ് വ്യക്തമാക്കിയിരുന്നത്.
ആവശ്യമെങ്കിൽ വാഹനം പരിശോധിക്കുമെന്നും വീഴ്ച കണ്ടെത്തിയാൽ ഇളവുകൾ പ്രതീക്ഷിക്കേണ്ടതില്ലെന്നും മോട്ടോർ വാഹന വകുപ്പ് വ്യക്തമാക്കിയിരുന്നു. മൊബൈൽ ഫോൺ കൈയിൽ പിടിച്ച് ഉപയോഗിച്ച് പിടിക്കപ്പെട്ടാൽ ലഭിക്കാവുന്ന അതേ ശിക്ഷ തന്നെ ബ്ലുടൂത്ത് ഉപയോഗിച്ച് സംസാരിക്കുന്നവർക്കും നേരിടേണ്ടിവരും.
അതേസമയം, വാഹനമോടിക്കുന്നതിനിടെ ബ്ലുടൂത്ത് ഉപയോഗിച്ച് പിടിക്കപ്പെടുന്നവരുടെ ലൈസൻസ് റദ്ദാക്കാമെന്ന പോലീസിൻ്റെ നിർദേശം നടപ്പാക്കുക എളുപ്പമല്ല എന്ന വിലയിരുത്തലും ശക്തമാണ്. ഡ്രൈവിങ്ങിനിടെ ‘കൈ കൊണ്ടുള്ള മൊബൈൽ ഫോൺ ഉപയോഗം’ അപകടകരം ആണെന്നാണ് മോട്ടോര്‍വാഹന നിയമത്തിലെ സെക്ഷന്‍ 184ൽ വ്യക്തമാക്കുന്നത്. 2019ലെ ഭേദഗതിക്ക് പിന്നാലെ ‘കൈ കൊണ്ട് ഉപയോഗിക്കുന്ന ആശയവിനിമയ ഉപാധികൾ’ എന്നാക്കി മാറ്റുകയും ചെയ്തു. എന്നാൽ ബ്ലുടൂത്ത് ഉപയോഗിച്ച് വാഹനമോടിക്കുന്നതിനിടെ സംസാരിക്കുന്നത് ഉൾപ്പെടുന്നില്ല എന്നതാണ് പ്രത്യേകത.